Photo: PTI
ചെന്നൈ: ഇന്ത്യന്‍ താരം മുരളി വിജയ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ഇന്ത്യയ്ക്ക് വേണ്ടി വിവിധ ഫോര്‍മാറ്റുകളിലായി 87 മത്സരങ്ങള്‍ കളിച്ച മുരളി 4490 റണ്‍സ് നേടിയിട്ടുണ്ട്.
ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് മത്സരത്തിലാണ് മുരളി വിജയ് ഏറ്റവുമധികം തവണ ജഴ്‌സിയണിഞ്ഞത്. 61 ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് 3982 റണ്‍സാണ് താരം അടിച്ചെടുത്തത്. 38.29 ആണ് ശരാശരി. 12 സെഞ്ചുറി നേടിയിട്ടുണ്ട്.
17 ഏകദിന മത്സരങ്ങളില്‍ കളിച്ച താരം 339 റണ്‍സും ഒന്‍പത് ട്വന്റി 20 മത്സരങ്ങളില്‍നിന്ന് 154 റണ്‍സും നേടി. ഐ.പി.എല്ലിലെ സ്ഥിരസാന്നിധ്യമായ മുരളി വിജയ് 106 മത്സരങ്ങളില്‍ കളിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് തുടങ്ങിയ ടീമുകള്‍ക്കാണ് മുരളി ഐ.പി.എല്ലില്‍ കളിച്ചത്.
' ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുകയാണ്. 2002 മുതല്‍ 2018 വരെയുള്ള എന്റെ കരിയര്‍ ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടമാണ്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. എനിക്ക് അവസരം തന്ന ബി.സി.സി.ഐ, തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ എന്നീ സംഘടനകളോട് നന്ദിപറയുന്നു. എന്റെ സ്വപ്‌നം പൂവണിയാന്‍ എന്നെ സഹായിച്ച ഏവര്‍ക്കും നന്ദി.' മുരളി വിജയം കുറിച്ചു.
38 കാരനായ വിജയ് ഇപ്പോള്‍ തമിഴ്‌നാട് ടീമിനുവേണ്ടിയാണ് കളിക്കുന്നത്. 2018-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പര്യടനത്തിലാണ് മുരളി വിജയ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. എന്നാല്‍ മോശം ഫോം തുടര്‍ന്നതിനാല്‍ താരത്തിന് ടീമിലെ സ്ഥാനം നഷ്ടമായി. 2008 നവംബര്‍ ആറിനാണ് താരം ആദ്യമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. അന്നും ഓസ്‌ട്രേലിയയായിരുന്നു എതിരാളികള്‍.
Content Highlights: murali vijay announce retirement from international cricket
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..