15 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിന് വിരാമമിട്ട് ഇന്ത്യയുടെ പേസ് ബൗളര്‍ മുനാഫ് പട്ടേല്‍. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് മുപ്പത്തിയഞ്ചുകാരനായ താരം വ്യക്തമാക്കി. 

'വിരമിക്കല്‍ തീരുമാനത്തില്‍ ഒരു ദുഃഖവുമില്ല. എന്നോടൊപ്പം കളിച്ചവരെല്ലാം കളി അവസാനിപ്പിച്ച് കഴിഞ്ഞു. ധോനി മാത്രമാണ് ശേഷിക്കുന്നത്. എല്ലാവര്‍ക്കും സമയമായി. ബാക്കിയുള്ളവര്‍ കളിക്കുമ്പോള്‍ ഞാന്‍ മാത്രം വിരമിക്കുകയാണെങ്കില്‍ മാത്രമേ ദുഃഖവും നിരാശയുമുണ്ടാകേണ്ട കാര്യമുള്ളു.' മുനാഫ് വ്യക്തമാക്കി. 

വിരമിച്ചെങ്കിലും ടി ടെന്‍ ലീഗില്‍ കളി തുടരുമെന്ന് താരം വ്യക്തമാക്കി. ഒപ്പം ഇനിയുള്ള കാലം പരിശീലകനാകാനുള്ള തയ്യാറെടുപ്പിലാണ് മുനാഫ്. ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ട് കുറച്ച് വര്‍ഷങ്ങളായെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു ഈ ഗുജറാത്തുകാരന്‍.

2011 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ അതില്‍ മുനാഫിന്റെ പങ്ക് നിര്‍ണായകമായിരുന്നു. അന്ന് ഇന്ത്യന്‍ ലോകകപ്പ് ടീമിന്റെ ബൗളിങ് പരിശീലകനായിരുന്നു എറിക് സൈമണ്‍ മുനാഫിനെ വിശേഷിപ്പിച്ചത് കിരീടനേട്ടത്തില്‍ വാഴ്ത്തപ്പെടാത്ത നായകനെന്നാണ്. 11 വിക്കറ്റുകളാണ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പേസര്‍ വീഴ്ത്തിയത്. 

ഗുജറാത്തിലെ ഇഖര്‍ എന്ന ഗ്രാമത്തില്‍ നിന്ന് ക്രിക്കറ്റിലെ ഉയരങ്ങള്‍ താണ്ടിയ താരമാണ് മുനാഫ്. ചെറുപ്പത്തില്‍ ഒരു ടൈല്‍ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന മുനാഫിന് പ്രതിഫലമായി ലഭിച്ചിരുന്നത് ദിവസം 35 രൂപയായിരുന്നു. അതും എട്ടു മണിക്കൂര്‍ ജോലി ചെയ്ത ശേഷം. എന്നാല്‍ ക്രിക്കറ്റ് താരമായി മാറിയതോടെ താരത്തിന്റെ തലവര തെളിഞ്ഞു. ഒരു ക്രിക്കറ്റ് താരമായിരുന്നില്ലെങ്കില്‍ ആഫ്രിക്കയിലെ ഏതെങ്കിലും കമ്പനിയിലെ ഒരു ജോലിക്കാരനാകാനായിരുന്നു തന്റെ വിധിയെന്ന് മുനാഫ് എപ്പോഴും പറയാറുണ്ട്. 

2006-ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് മുനാഫ് ആദ്യമായി ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞത്. ഏകദിനത്തിലും ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു അരങ്ങേറ്റം. മൂന്ന് വര്‍ഷം മാത്രമാണ് ടെസ്റ്റ് ടീമില്‍ കളിച്ചതെങ്കിലും 2011 വരെ ഏകദിനത്തില്‍ മുനാഫിന്റെ റോള്‍ നിര്‍ണായകമായിരുന്നു. 2011 സെപ്റ്റംബറിന് ശേഷം താരം ഏകദിനം കളിച്ചിട്ടില്ല. മൂന്ന് ഏകിദനങ്ങളിലും കളിച്ചിട്ടുണ്ട്. 13 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 35 വിക്കറ്റ് വീഴ്ത്തിയ താരം ഏകദിനത്തില്‍ 86 വിക്കറ്റാണ് നേടിയത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായും കളിച്ചു.

munaf patel insta

Content Highlights: Munaf Patel, World Cup winner who once earned Rs 35 a day at tile factory, retires a happy man