കൊളംബോ: ലങ്ക പ്രീമിയർ ലീഗിന്റെ പ്രഥമ സീസണിന് മുന്നോടിയായി നടക്കുന്ന താരലേലത്തിൽ പങ്കെടുക്കാൻ ഇന്ത്യയുടെ മുൻതാരം മുനാഫ് പട്ടേലും. 2011 ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായ മുനാഫ് പട്ടേൽ 150 വിദേശ താരങ്ങൾക്കൊപ്പമാണ് ഇടംപിടിച്ചത്. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ലയൺസ്, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ടീമുകൾക്കൊപ്പം കളിച്ചിട്ടുള്ള താരമാണ് മുനാഫ്.

പാകിസ്താന്റെ മുൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദി, ബംഗ്ലാദേശ് താരം ഷാക്കിബുൽ ഹസ്സൻ, വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ ഡാരെൻ ബ്രാവോ, ക്രിസ് ഗെയ്ൽ, ഡാരെൻ സമി, ഇംഗ്ലണ്ടിന്റെ രവി ബൊപാര, ന്യൂസീലന്റിന്റെ കോളിൻ മൺറോ, ദക്ഷിണാഫ്രിക്കയുടെ വെർനോൺ ഫിലാന്റർ എന്നിവരും താരലേലത്തിൽ പങ്കെടുക്കും. ഒക്ടോബർ ഒന്നിനാണ് താരലേലം നടക്കുക.

ഈ വർഷം നവംബർ 14 മുതൽ ഡിസംബർ ആറു വരെയാണ് ലങ്ക പ്രീമിയർ ലീഗിന്റെ പ്രഥമ സീസൺ അരങ്ങേറുക. അഞ്ചു ടീമുകളാണ് ആദ്യ സീസണിൽ മാറ്റുരയ്ക്കുന്നത്. ഓരോ ടീമിനും 19 താരങ്ങളെ വീതം തിരഞ്ഞെടുക്കാം. ഇതിൽ ആറു പേർ വിദേശ താരങ്ങളാണ്. അഞ്ചു ടീമുകളിലുമായി ആകെ 30 വിദേശ താരങ്ങൾക്കും 65 ശ്രീലങ്കൻ താരങ്ങൾക്കുമാണ് അവസരം ലഭിക്കുക.

Content Highlights: Munaf Patel, Chris Gayle, Shahid Afridi, Lanka Premier League auction