മുംബൈ: രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഇടം നേടിയത് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. സച്ചിന്റെ മകന്‍ ആയതുകൊണ്ടാണ് അര്‍ജുന്‍ ടീമില്‍ എത്തിയത് എന്ന രീതിയിലായിരുന്നു ചര്‍ച്ച. എന്നാല്‍ അര്‍ജുനെ ഉള്‍പ്പെടുത്തിയതിന്റെ കാരണം വിശദമാക്കി സെലക്ടര്‍മാര്‍ രംഗത്തെത്തി.

'അര്‍ജുന്‍ മികച്ച രീതിയിലാണ് കളിച്ചുവന്നിരുന്നത്. എന്നാല്‍ ഇടയ്ക്ക് പരിക്കേറ്റത് തിരിച്ചടിയായി. കളിച്ച മത്സരങ്ങളിലെല്ലാം മികവ് കാണിച്ചു. മുംബൈ ക്രിക്കറ്റിന്റെ ഭാവിയായി കരുതുന്ന കളിക്കാരേയാണ് രഞ്ജി ടീമിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.'  മുംബൈ ടീം ചീഫ് സെലക്ടറും മുന്‍ പേസ് ബൗളറുമായ സലില്‍ അങ്കോള വ്യക്തമാക്കി.

രഞ്ജി ട്രോഫിയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള ടീമിനേയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യശസ്വി ജയ്‌സ്വാള്‍, സര്‍ഫ്രാസ് ഖാന്‍, അര്‍മാന്‍ ജാഫര്‍ ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ ടീമിലുണ്ട്. മുംബൈ സീമര്‍ തുഷാര്‍ ദേഷ്പാണ്ഡെ പരിക്കിനെ തുടര്‍ന്ന് മാറിനില്‍ക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് അര്‍ജുനെ ടീമിലെടുത്തത്.

ഷാലിനി ബലേക്കര്‍ ട്രോഫിയില്‍ കഴിഞ്ഞ ദിവസം അര്‍ജുന്‍ 60 പന്തില്‍ നിന്ന് 85 റണ്‍സ് നേടിയിരുന്നു. ഈ വര്‍ഷം ആദ്യം മുംബൈയുടെ മുഷ്താഖ് അലി ട്രോഫി ടീമിലും അര്‍ജുന്‍ ഇടം നേടിയിരുന്നു. അന്ന് രണ്ട് മത്സരങ്ങളില്‍ രണ്ടു വിക്കറ്റെടുത്തു. 

Content Highlights: Chief Selector Gives Reasons For Naming Sachin Tendulkars Son Arjun In Ranji Trophy Squad