Photo: twitter.com/BCCIdomestic
ബെംഗളൂരു: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തരാഖണ്ഡിനെതിരേ 725 റണ്‍സിന്റെ വമ്പന്‍ ജയം സ്വന്തമാക്കി മുംബൈ. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റണ്‍സ് അടിസ്ഥാനമാക്കിയുള്ള ഏറ്റവും വലിയ ജയമെന്ന റെക്കോഡും മുംബൈ സ്വന്തമാക്കി. ജയത്തോടെ മുംബൈ സെമിയിലേക്ക് മുന്നേറി.
92 വര്‍ഷക്കാലം ഓസ്ട്രേലിയന്‍ ടീമായ ന്യൂ സൗത്ത് വെയ്ല്‍സ് കൈവശം വെച്ചിരുന്ന റെക്കോഡാണ് മുംബൈ പഴങ്കഥയാക്കിയത്. 1930-ല്‍ ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ ന്യൂ സൗത്ത്വെയ്ല്‍സ് ക്വീന്‍സ്ലന്‍ഡ് ടീമിനെ 685 റണ്‍സിന് തോല്‍പ്പിച്ചതായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതുവരെയുണ്ടായിരുന്ന ഏറ്റവും വലിയ വിജയം.
1953-54 സീസണില്‍ ബംഗാള്‍, ഒഡിഷയ്ക്കെതിരേ നേടിയ 540 റണ്‍സ് ജയമായിരുന്നു രഞ്ജി ട്രോഫില്‍ ഇക്കാലം വരെയുണ്ടായിരുന്ന റണ്‍സ് അടിസ്ഥാനമാക്കിയുള്ള ഏറ്റവും വലിയ വിജയം.
ഉത്തരാഖണ്ഡിനെതിരേ ഒന്നാം ഇന്നിങ്സില്‍ മുംബൈ എട്ടിന് 647 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ഇതിന് മറുപടിയായി ഉത്തരാഖണ്ഡിന്റെ ഒന്നാം ഇന്നിങ്സ് വെറും 114 റണ്‍സില്‍ അവസാനിച്ചു. 533 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ മുംബൈ മൂന്നു വിക്കറ്റിന് 261 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത് ഉത്തരാഖണ്ഡിന് മുന്നില്‍ വെച്ചത് 795 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ വെറും 69 റണ്‍സിന് കൂടാരം കയറിയ ഉത്തരാഖണ്ഡ് വഴങ്ങിയത് 725 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി.
സെമിയില്‍ ഉത്തര്‍പ്രദേശാണ് മുംബൈയുടെ എതിരാളി. 41 കിരീടങ്ങളുമായി രഞ്ജിയിലെ ഏറ്റവും സക്സസ്ഫുള്ളായ ടീമാണ് മുംബൈ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..