ന്യൂഡല്‍ഹി: 50 ഓവറില്‍ 312 റണ്‍സടിച്ചിട്ടും ഉത്തര്‍പ്രദേശിന് രക്ഷയുണ്ടായില്ല. വെറും 41.3 ഓവറില്‍ 315 റണ്‍സടിച്ച് മുംബൈ ഈ വര്‍ഷത്തെ വിജയ് ഹസാരെ ക്രിക്കറ്റ് കിരീടം സ്വന്തമാക്കി. സ്‌കോര്‍: ഉത്തര്‍പ്രദേശ് 50 ഓവറില്‍ നാലിന് 312. മുംബൈ 41.3 ഓവറില്‍ നാലിന് 315. ആഭ്യന്തര ഏകദിന ടൂര്‍ണമെന്റില്‍ മുംബൈ കിരീടം നേടുന്നത് ഇത് നാലാം തവണ.

ടൂര്‍ണമെന്റിലെ എട്ട് ഇന്നിങ്‌സില്‍ 827 റണ്‍സടിച്ച് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആയ പൃഥ്വി ഷായുടെ മികവിലാണ് മുംബൈ മുന്നേറിയത്. ഫൈനലില്‍, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഉത്തര്‍പ്രദേശിനുവേണ്ടി ഓപ്പണര്‍ മാധവ് കൗശിക് 158 റണ്‍സുമായി പുറത്താകാതെ നിന്നു. സമര്‍ഥ് സിങ് (55), അക്ഷ്ദീപ് നാഥ് (55) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി.

മറുപടി ബാറ്റിങ്ങില്‍ പൃഥ്വി ഷാ (39 പന്തില്‍ 73) മിന്നുന്ന തുടക്കം നല്‍കി. മൂന്നാമനായ ആദിത്യ താരെ 107 പന്തില്‍ 118 റണ്‍സുമായി കളിയിലെ താരമായി.

Content Highlights: Mumbai beat Uttar Pradesh by 6 wickets to win title