ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ കരുത്തരായ മുംബൈക്കെതിരേ കേരളത്തിന് കനത്ത തോല്‍വി. എട്ടു വിക്കറ്റിനാണ് മുംബൈ കേരളത്തെ തോല്‍പ്പിച്ചത്.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം 48.4 ഓവറില്‍ 199 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ മുംബൈ 38.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ഓപ്പണിങ് വിക്കറ്റില്‍ തന്നെ മുംബൈ 195 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ സെഞ്ചുറിയാണ് മുംബൈ വിജയം എളുപ്പമാക്കിയത്. 132 പന്ത് നേരിട്ട ജയ്‌സ്വാള്‍ മൂന്നു സിക്‌സും 14 ബൗണ്ടറിയുമടക്കം 122 റണ്‍സെടുത്തു. മറ്റൊരു ഓപ്പണറായ ആദിത്യ താരെ 67 റണ്‍സെടുത്ത് പുറത്തായി. പിന്നീട് ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ (5*), സിദ്ധേഷ് ലാഡ് (2*) എന്നിവര്‍ മുംബൈ ജയം പൂര്‍ത്തിയാക്കി.

ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ (43), എം.ഡി നിധീഷ് (40) എന്നിവര്‍ക്കു മാത്രമാണ് മുംബൈ ബൗളിങ്ങിനെ പ്രതിരോധിക്കാനായത്. മുംബൈക്കായി ധവാല്‍ കുല്‍ക്കര്‍ണി, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ മത്സരത്തിലെ ഇരട്ട സെഞ്ചുറി വീരന്‍ സഞ്ജു സാംസണ് 15 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 

വിഷ്ണു വിനോദ് (9), സച്ചിന്‍ ബേബി (8), ജലജ് സക്‌സേന (6), മുഹമ്മദ് അസ്ഹറുദ്ദീന്‍ (15) എന്നിവര്‍ നിരാശപ്പെടുത്തി. ഒരു ഘട്ടത്തില്‍ എട്ടിന് 130 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ ഒമ്പതാം വിക്കറ്റില്‍ 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ എം.ഡി. നിധീഷ് - അക്ഷയ് ചന്ദ്രന്‍ (29) കൂട്ടുകെട്ടാണ് 199-ല്‍ എത്തിച്ചത്. നാലാം തോല്‍വിയോടെ ടൂര്‍ണമെന്റില്‍ കേരളത്തിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ അവസാനിച്ചു. മൂന്നാം ജയം നേടിയ മുംബൈ 14 പോയന്റോടെ നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി. മുംബൈയുടെ രണ്ടു മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിച്ചിരുന്നു.

Content Highlights: Mumbai beat Kerala in Vijay Hazare Trophy