ഇന്ത്യൻ ക്രിക്കറ്റിന്റെ തലസ്ഥാനമായ മുംബൈയിലെ വാംഖഡെ മൈതാനം ബുധനാഴ്ച രാത്രി അല്പനേരത്തേക്ക് ഒരു തളങ്കരക്കാരൻ സ്വന്തമാക്കി. സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റിൽ മുംബൈക്കെതിരേ 37 പന്തിൽ സെഞ്ചുറി കുറിച്ച മുഹമ്മദ് അസ്ഹറുദ്ദീൻ. 54 പന്തിൽ 11 സിക്സും ഒമ്പതു ഫോറും അടക്കം 137 റൺസെടുത്ത് പുറത്താകാതെനിന്ന അസ്ഹറുദ്ദീന്റെ ഇന്നിങ്സ് കേരളത്തിന് അവിസ്മരണീയ ജയവും സമ്മാനിച്ചു. ട്വന്റി 20 ക്രിക്കറ്റിൽ കേരളീയന്റെ ആദ്യ സെഞ്ചുറി. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ഇന്ത്യയിലെ ഏറ്റവുമുയർന്ന മൂന്നാമത്തെ സ്കോർ. ആദ്യം ബാറ്റുചെയ്ത് 196 റൺസെടുത്ത മുംബൈയെ കേരളം 15.5 ഓവറിൽ എട്ടുവിക്കറ്റിന് തോൽപ്പിച്ചു.

കാസർകോട് ജില്ലയിലെ ക്രിക്കറ്റ് ഗ്രാമമാണ് തളങ്കര. അവിടെ ക്രിക്കറ്റ് കുടുംബത്തിലെ ഇളയ അംഗമാണ് മുഹമ്മദ് അസ്ഹറുദ്ദീനെന്ന അജു. മറ്റ് ഏഴു സഹോദരങ്ങളും ജില്ലാ ഡിവിഷനിലും ജില്ലാ ടീമിലുമായി കളിച്ചു. മൂത്തസഹോദരങ്ങളായ ഖമറുദ്ദീനും സിറാജുദ്ദീനും ജില്ലാ ടീമിലെത്തി. അസൈനും ഉസൈനും മുഹമ്മദലിയും ഉനൈസും ജലീലും തളങ്കര ക്രിക്കറ്റ് ക്ലബ്ബിനായി (ടി.സി.സി.) ലീഗ് ഡിവിഷനും മറ്റ് പ്രാദേശിക മത്സരങ്ങളും കളിച്ചു. അന്ന് ജ്യേഷ്ഠന്മാർകണ്ട സ്വപ്നം ബുധനാഴ്ച അസ്ഹറുദ്ദീൻ സത്യമാക്കി.

‘ ‘ അന്ന് സച്ചിനെയും അസ്ഹറുദ്ദീനെയുമാണ് ഇഷ്ടം. അതുകൊണ്ടാണ് അനിയന് മുഹമ്മദ് അസ്ഹറുദ്ദീനെന്ന പേരിടാമെന്ന് പറഞ്ഞത്. മാതാപിതാക്കളായ ബി.കെ. മൊയ്തുവിനും നഫീസയ്ക്കും സമ്മതമായി. മുംബൈക്കെതിരായ ഇന്നിങ്സിൽ ക്യാപ്റ്റൻ അസ്ഹറുദ്ദീന്റെ ശൈലിയല്ലെങ്കിലും പല ഷോട്ടുകളും അദ്ദേഹത്തിന്റേതുപോലെയായിരുന്നു. ഇക്കാര്യം കമന്റേറ്ററും പറഞ്ഞിട്ടുണ്ട്’ ’ - ജ്യേഷ്ഠൻ ഖമറുദ്ദീൻ വിശദീകരിച്ചു.

2015-ൽ ഗോവയ്ക്കെതിരായ രഞ്ജി മത്സരത്തിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. വിക്കറ്റ് കീപ്പറുടെ റോളിലുമുണ്ടായിരുന്നു. “ഓപ്പണിങ് ഇറങ്ങി ആക്രമിച്ച് കളിക്കുകയെന്നതാണ് അജുവിന് ഇഷ്ടം. കഴിഞ്ഞ സീസണിൽ നാലാമതും അഞ്ചാമതുമാണ് ഇറങ്ങിയത്. ട്വന്റി-20യിൽ ഈ സ്ഥാനക്കാരന് ഒന്നും ചെയ്യാനില്ല. ഓപ്പണറായ രണ്ടു കളികളിലും അവൻ നല്ല തുടക്കം നൽകി. കോച്ചിന് അവനിൽ വിശ്വാസമുണ്ട്. അവൻ വിളിച്ചപ്പോഴും ഇക്കാര്യം പറഞ്ഞു.’ ’

നാട്ടിലെത്തിയാൽ വീടും ക്ലബ്ബും ക്രിക്കറ്റും എന്നതാണ് അസ്ഹറുദ്ദീന്റെ സമവാക്യം. ടി.സി.സി. ക്ലബ്ബിൽ ഒന്നിച്ചുകളിച്ച കൂട്ടുകാർക്ക് അസ്ഹറുദ്ദീന്റെ സെഞ്ചുറിയുടെ ത്രില്ല് ഇന്നും വിട്ടുപോയിട്ടില്ല. ക്ലബ്ബ് ഓഫീസിലിരുന്ന് കളികണ്ട കൂട്ടുകാർ ബൈക്ക് റാലിയും നടത്തിയാണ് ബുധനാഴ്ച രാത്രി പിരിഞ്ഞത്. അസ്ഹറുദ്ദീന് ഇതുവരെ ഐ.പി.എലിൽ അവസരം കിട്ടിയിട്ടില്ല. ബുധനാഴ്ചത്തെ ഇന്നിങ്സോടെ, ഈ വർഷത്തെ ഐ.പി.എൽ. ലേലത്തിൽ ശ്രദ്ധനേടാനാകുമെന്നും പ്രതീക്ഷിക്കുന്നു.

Content Highlights: Muhammed Azharudheen Century against Mumbai in Syed Mushtaq Ali trophy tournament makes Kerala proud