മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. ഇംഗ്ലണ്ടിൽ ക്വാറന്റീന്‍ പൂർത്തിയാക്കിയ ശേഷം താരങ്ങൾ പരിശീലനം തുടങ്ങി. വിരാട് കോലിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീം ഇന്ത്യ ശുഭപ്രതീക്ഷയിലാണ്.  മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്. അതിൽ ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ അജിങ്ക്യ രഹാനെയുടെ പ്രകടനമാണ് അവർ ഉറ്റുനോക്കുന്നത്. നിലവിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാതെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ഫൈനലിൽ എങ്ങനെ കളിക്കും എന്നതാണ് നിർണായക ഘടകം.

എന്നാൽ രഹാനയെ പിന്തുണച്ച് മുൻ ഇന്ത്യൻ സെലക്ടർ എം.എസ്.കെ. പ്രസാദ് രംഗത്തെത്തി. രഹാനെയ്ക്ക് സമ്മർദ്ദമുണ്ടാക്കുന്ന കാര്യങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും ടീമിന് വേണ്ടി കഠിനധ്വാനം ചെയ്യുന്ന താരമാണ് അദ്ദേഹമെന്നും പ്രസാദ് വ്യക്തമാക്കി. 'തുടക്കത്തിൽ കളിപ്പിക്കാൻ ഏറ്റവും അനുയോജ്യനായ താരമാണ് രഹാനെ. ഒട്ടേറെ ഉയർച്ച താഴ്ച്ചകളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും പ്രതിസന്ധി ഘട്ടത്തിൽ പലപ്പോഴും അദ്ദേഹം ഇന്ത്യയുടെ രക്ഷകനായിട്ടുണ്ട്.

രഹാനെ ശക്തമായി തിരിച്ചെത്തും. വിരാട് കോലിക്ക് വലിയ ഇന്നിങ്സുകൾ കളിക്കാൻ കഴിയാത്ത സാഹചര്യത്തിൽ രഹാനെ രക്ഷകനായിട്ടുണ്ട്. പല സീനിയർ താരങ്ങളുടേയും അഭാവത്തിൽ ഓസ്ട്രേലിയയിൽ അദ്ദേഹം നൽകിയ സംഭാവനകൾ മറക്കാൻ പാടില്ല. വിദേശത്ത് പല ഇന്ത്യൻ താരങ്ങളേക്കാളും മികച്ച റെക്കോഡ് അദ്ദേഹത്തിനുണ്ട്.' എംഎസ്കെ പ്രസാദ് വ്യക്തമാക്കി.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം രഹാനെയാണ്. 17 മത്സരങ്ങളിൽ നിന്ന് 1095 റൺസാണ് സമ്പാദ്യം. ഇതിൽ മൂന്നു സെഞ്ചുറിയും ഉൾപ്പെടുന്നു.

Content Highlights: MSK Prasad on importance of Ajinkya Rahane in Indian Team