ന്യൂഡല്‍ഹി: മുരളി വിജയ്-ലോകേഷ് രാഹുല്‍ ഓപ്പണിങ് സഖ്യത്തെ മാറ്റി മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു. പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ ഓപ്പണര്‍മാരായ ലോകേഷ് രാഹുലും, മുരളി വിജയും ടീമിന് പുറത്തായപ്പോള്‍ മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി.

ഓപ്പണിങ് സഖ്യം പാടേ മാറിയതോടെ ആരാധകര്‍ക്കും സംശയമായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന മയങ്ക് അഗര്‍വാളായിരിക്കും ഒരു ഓപ്പണര്‍ എന്നത് ഏറെക്കുറേ ഉറപ്പാണ്. എന്നാല്‍ മായങ്കിനൊപ്പം ആര് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന സംശയത്തിലാണ് ഇന്ത്യന്‍ ആരാധകര്‍.

ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദിനോട് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിച്ചു. ആദ്യ രണ്ട് ടെസ്റ്റിലും ഓപ്പണര്‍മാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഒരു സ്‌പെഷലിസ്റ്റ് ഓപ്പണിങ് സഖ്യമില്ലാത്തത് ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. 

രോഹിത്, വിഹാരി എന്നിവരില്‍ നിന്ന് ആര് മായങ്കിനൊപ്പം ഓപ്പണറാകും എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ; മായങ്ക് അഗര്‍വാള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരമാണ്. ഹനുമ വിഹാരിയാകട്ടെ മികച്ച സാങ്കേതികത്തിവുള്ള ബാറ്റ്‌സ്മാനും. സ്‌പെഷലിസ്റ്റ് ഓപ്പണറായ പാര്‍ഥിവ് പട്ടേലിനെക്കാള്‍ സാങ്കേതികത്തികവൊത്ത ബാറ്റ്‌സ്മാനാണ് വിഹാരി എന്നതിനാലാണ് അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തിയത്. വിഹാരിക്ക് ഓപ്പണറുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മികവുണ്ട്. മികച്ച ഭാവിയുള്ള താരമാണ് അയാള്‍. ഇനി മെല്‍ബണില്‍ പരാജയപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന് ഇനിയും അവസരങ്ങള്‍ നല്‍കുമെന്നും എം.എസ്.കെ പ്രസാദ് പറഞ്ഞു.

ചീഫ് സെലക്ടറുടെ വാക്കുകള്‍ നല്‍കുന്ന സൂചനകളനുസരിച്ച് മയങ്ക് അഗര്‍വാളിനൊപ്പം ഹനുമ വിഹാരി തന്നെയാകും ഓപ്പണര്‍. ഇതോടെ രോഹിത് പതിവ് സ്ഥാനമായ ആറാം നമ്പറിലാകും ഇറങ്ങുക.

Content Highlights: msk prasad names visitors opening pair for the boxing day test