ഈ മനുഷ്യന്‍ എപ്പോള്‍ എന്തു ചെയ്യുമെന്ന് ആര്‍ക്കും പറയാനാകില്ല. അയാളുടെ നിഴലിനും ശ്വാസത്തിനും പോലും. പ്രഹേളിക എന്ന് എല്ലാ അര്‍ഥത്തിലും വിശേഷിപ്പിക്കാവുന്ന ആള്‍. ഇന്ത്യയിലെ ക്രിക്കറ്റ് ഇതിഹാസത്തിന് ഇങ്ങനെ വിരമിക്കാനാകുമോ... നന്ദി എന്നുമാത്രം എഴുതി 15 വാക്കുകളുള്ള വിരമിക്കല്‍ സന്ദേശം.... ധോനി എന്ന രണ്ടക്ഷരം ഒരര്‍ത്ഥത്തില്‍ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയായിരുന്നു... അനിശ്ചിതത്വങ്ങളില്‍ നിന്ന്.
ഏതാണ്ട് ഒരുവര്‍ഷമാകുന്നു മഹേന്ദ്രസിങ് ധോനിയെന്ന ക്രിക്കറ്റ് ഇതിഹാസം ബാറ്റില്‍ തൊട്ടിട്ട്. സത്യത്തില്‍ യഥാര്‍ഥ വിരമിക്കല്‍ അന്നേ കഴിഞ്ഞിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ മാഞ്ചസ്റ്റര്‍ മൈതാനത്ത് നിന്നും ന്യൂസീലന്‍ഡിനെതിരേയുള്ള മത്സരത്തില്‍ റണ്ണൗട്ട് ആയി കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോരല്‍ ഒരു വിരമിക്കലായിരുന്നു.
ഇന്ത്യയുടെ ആ സെമിഫൈനല്‍ തോല്‍വിക്ക് ശേഷം മാസങ്ങള്‍ക്കിപ്പുറം ലെഫ്റ്റനന്റ് കേണല്‍ മഹേന്ദ്രസിങ് ധോനി തെക്കന്‍ കശ്മീരില്‍ പട്ടാളസേവനത്തിനിറങ്ങുമ്പോള്‍, ധോനിയുടെ പാകമാകാത്ത ഷൂ ധരിച്ച, ഋഷഭ് പന്ത് വിക്കറ്റിന് പിന്നിലേക്ക് വരുന്ന വെളുത്ത പന്തുകള്‍ ഗ്ലൗസിലൊതുക്കുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് വിക്കറ്റിന് പിന്നില്‍ മാറ്റത്തിന്റെ ഒരു പാലമിടുകയായിരുന്നു അത്. പക്ഷെ ആ പാലത്തിനിപ്പോഴും അക്കരെയെത്താനുള്ള നീളമായിട്ടില്ല. അക്കരെയെത്തുമോയെന്നും അറിയില്ല....
ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരേയൊരു മൂര്‍ത്തിയെ എപ്പോഴും ഏറ്റവും മുകളില്‍ പ്രതിഷ്ഠിക്കണമെന്നത് നിര്‍ബന്ധമാണ്. സച്ചിന്‍ യുഗം അവസാനിച്ചപ്പോള്‍ അങ്ങനെയൊരു മൂര്‍ത്തിക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു അവര്‍. വിരാട് കോലിയുഗം തുടങ്ങിയിട്ടുമില്ലായിരുന്നു. സച്ചിന്‍ യുഗത്തില്‍ നിന്നും കോലിയുഗത്തിലേക്കുള്ള പാലമായിരുന്നു മഹേന്ദ്രസിംഗ് ധോനി. മനംകവരുന്ന സ്‌ട്രോക്കുകള്‍ കളിച്ചായിരുന്നില്ല ധോനി ആരാധക മനസ്സുകളില്‍ ഇടം നേടിയത്. ഇന്ത്യയ്ക്ക് ആവശ്യമുള്ളപ്പോഴൊക്കെ റണ്‍സ് നേടിയായിരുന്നു അത്. അതിലുമപരി എതിര്‍ടീമിന്റെ നീക്കങ്ങളെല്ലാം മുന്‍കൂട്ടിയറിഞ്ഞ് കരുക്കള്‍ നീക്കിയ ബുദ്ധിമാനായ ക്യാപ്റ്റന്‍... ഓരോ ബാറ്റ്‌സ്മാന്‍മാര്‍ ഏത് രീതിയില്‍ കളിക്കും എന്നറിഞ്ഞ് ബൗളര്‍ക്ക് ബുദ്ധിയുപദേശിക്കുന്ന വിക്കറ്റ്കീപ്പര്‍...എന്നാല്‍ ധോനി എന്ന രണ്ടുവാക്ക് ഒരു ബിംബമായി മാറുന്നത് മറ്റൊരു തരത്തിലാണ്. ഈ റാഞ്ചിക്കാരനേക്കാള്‍ മികച്ചൊരു ഫിനിഷര്‍ ഏകദിനക്രിക്കറ്റില്‍ ഇനിയും അവതരിക്കേണ്ടിയിരിക്കുന്നു..!
ഒരുപക്ഷെ ഇന്ത്യ ലോകകപ്പ് നേടിയിരുന്നെങ്കില്‍ മഹേന്ദ്രസിംഗ് ധോനി വിരമിക്കല്‍ പ്രഖ്യാപനം നടത്തുമായിരുന്നു എന്ന് കരുതുന്നവരുണ്ട്. ശരിയായിരിക്കാം, കാരണം എല്ലാം നന്നായി അവസാനിപ്പിക്കാനണല്ലോ എല്ലാവരും ഇഷ്ടപ്പെടുക. ഇന്ത്യ ഫൈനല്‍ കളിച്ചിരുന്നുവെങ്കില്‍ പോലും ധോനി ചിലപ്പോള്‍ കളിയവസാനിപ്പിക്കുമായിരുന്നു. പക്ഷെ ലോക ഒന്നാം നമ്പര്‍ ടീം സെമിഫൈനലില്‍ തോറ്റ് നാണം കെട്ട് നില്‍ക്കുമ്പോള്‍ വിരമിക്കുകയെന്നത് അയാള്‍ സ്വന്തം കരിയറിനോട് തന്നെ ചെയ്യുന്ന പാതകമായി മാറിയേനെ.
ഒന്നാലോചിച്ചാല്‍ മഹേന്ദ്രസിങ് ധോനി എന്ന ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്ടന് അര്‍ഹമായൊരു വിടവാങ്ങല്‍ ബി.സി.സി.ഐ. തന്നെ ഒരുക്കേണ്ടതായിരുന്നു. 2007ലെ പ്രഥമ ട്വന്റി-ട്വന്റി ലോകകപ്പ്, 2010ലേയും 2016ലേയും ഏഷ്യാകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി ഇത്രയുമൊക്കെ ധോനി എന്ന ക്യാപ്ടന്റെ നേട്ടങ്ങളാണ്. ടീമില്‍ യുവതാരങ്ങള്‍ വേണമെന്ന് എക്കാലവും വാശിപിടിച്ച ധോനിയെ അതേ നാണയത്തില്‍ തന്നെ മലര്‍ത്തിയടിക്കാന്‍ ബി.സി.സി.ഐ. ശ്രമിച്ചു, എം.എസ്.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയിലൂടെ. സൗരവ് ഗാംഗുലിയുടെ കാലത്തും ധോനിയുടെ കാലത്തും ടീം തിരഞ്ഞെടുപ്പില്‍ അവസാനവാക്ക് ക്യാപ്റ്റന്റേതായിരുന്നു. പക്ഷെ ധോനിയുടെ അവസാനകാലത്ത് അതങ്ങനെയല്ലാതായി. ഗംഗുലിക്ക് മുമ്പ് സംഭവിച്ചിരുന്നത് പോലെ ബാഹ്യ ഇടപെടലുകള്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവന്നു.
പക്ഷെ ബി.സി.സി.ഐ. ചിന്തിച്ചതിന്റെ അപ്പുറത്തായിരുന്നു ധോനി എന്ന ബുദ്ധിശാലിയായ മനുഷ്യന്റെ ചിന്ത. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കായി താന്‍ ഉണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചു. അതും കാരണമായി പറഞ്ഞത് പട്ടാള സേവനത്തിന് പോകുന്നു എന്നാണ്. രാജ്യസേവനത്തിന് പോകുന്ന ഒരാളെക്കുറിച്ച് മറിച്ചൊന്നും പറയാന്‍ ആകില്ല എന്ന് മുന്‍കൂട്ടി കണ്ടുള്ള ധോനിയുടെ ഏറ് കൃത്യമായി ലക്ഷ്യത്തില്‍ കൊണ്ടു. ധോനിയെ ഒഴിവാക്കില്ലെന്നും ടീമിന്റെ ഭാഗമായി ഉണ്ടാകുമെന്നും പറഞ്ഞ എം.എസ്.കെ. പ്രസാദ് ഒന്നു കൂടി പറഞ്ഞു വെച്ചിരുന്നു. ധോനി ആദ്യ പതിനൊന്നില്‍ ഉണ്ടാവില്ല, യുവതാരങ്ങള്‍ക്ക് ഉപദേശം കൊടുക്കാനായി ടീമിന്റെ ഭാഗമാക്കുന്നു എന്ന്. അതിനുള്ള കനത്ത മറുപടിയായിരുന്നു ധോനിയുടെ പട്ടാളസേവനം.
അന്നത്തെ ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് തന്നെ വ്യക്തമാക്കിയതാണ് ധോനിയുടെ പ്രത്യേക അപേക്ഷ പ്രകാരമാണ് പട്ടാളസേവനത്തിന് കാശ്മീരില്‍ തന്നെ അനുമതി നല്‍കിയിരിക്കുന്നത് എന്ന്. എന്തു കൊണ്ട് ധോനി കാശ്മീര്‍ തന്നെ തിരഞ്ഞെടുത്തു എന്നതിനും മറ്റ് ഉത്തരങ്ങള്‍ തേടേണ്ടതില്ല. ധോനി എന്ന ബുദ്ധമാനായ ക്യാപ്ടന്റെ ഫിനിഷിങ് ടച്ച് ആയിരുന്നു അത്. നൂറ്റിയാറാം ടെറിറ്റോറിയല്‍ ആര്‍മി ബറ്റാലിയനൊപ്പം തെക്കന്‍ കാശ്മീര്‍ അതിര്‍ത്തിയിലെ ക്യാമ്പില്‍ ഒരു സാധാരണ പട്ടാളക്കാരനെ പോലെ മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ ആഘോഷിച്ചു.
ധോനി രാഷ്ട്രീയം ലക്ഷ്യമിടുന്നു എന്ന രീതിയിലും മുറുമുറുപ്പുയര്‍ന്നിരുന്നു. അത്തരമൊരു നീക്കത്തിന് ധോനി തയ്യാറാകുമോ എന്ന് സംശയിക്കുന്നവരാണ് അധികവും. വിരമിക്കല്‍ എന്ന് എന്നതിന് ഇതുവരെ ഉത്തരം തരാത്തയാള്‍ രാഷ്ട്രീയത്തിലേക്കുള്ള കരുക്കള്‍ വളരെ മുമ്പേ നീക്കിതുടങ്ങുമോ എന്ന സംശയം. രാഷ്ട്രീയത്തിലേക്ക് എന്ന ആരോപണത്തിന് അല്‍പായുസ്സേയുള്ളു എന്ന് കരുതാം.
ധോനിയുടെ വിരമിക്കലിനെ കുറിച്ച് അന്നേ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. വളരെ അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും ധോനിയുടെ തീരുമാനങ്ങളെക്കുറിച്ച് ഒരിക്കലും ധാരണയുണ്ടായിരുന്നില്ല. ഒരു സാമൂഹിക അകലം ധോനി എന്നും എപ്പോഴും സൂക്ഷിച്ചിരുന്നു
ക്രിക്കറ്റ് എന്നാല്‍ അടിമുടി കണക്കാണ്. കണക്കില്ലാതെ ക്രിക്കറ്റില്ല. അപ്പോള്‍ ധോനിയുടെ കാര്യത്തിലും കണക്കിനെ തന്നെ ആശ്രയിക്കണം. പ്രത്യേകിച്ച് ധോനി എന്ന ബാറ്റ്‌സ്മാന്റെ കണക്കുകള്‍. 2007 മുതല്‍ 2015 ലോകകപ്പ് വരെ ധോനിയുടെ ഏകദിന ബാറ്റിങ് ശരാശരി 56.81 ആയിരുന്നു. ഇന്ത്യ റണ്‍ പിന്തുടരുമ്പോഴാണ് ഇതിലേറിയ പങ്കും എന്നുള്ളതിനാല്‍ ധോനിയുടെ ഈ ശരാശരി അമൂല്യമാണ്. ഈ കാലയളവില്‍ 57 തവണയാണ് ഇന്ത്യ എതിര്‍ടീമുയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് അമരത്തെത്തിയത്. ഈ മത്സരങ്ങളിലെല്ലാം ധോനിയുടെ ശരാശരി 101.64 ആയിരുന്നു. ഇന്ത്യ തോറ്റ മത്സരങ്ങളില്‍ ധോനിയുടെ ശരാശരി 32.28 ആയിരുന്നു. ഒരു കാര്യം ഇതില്‍ നിന്ന് മനസ്സിലാക്കാം ധോനിയില്‍ നിന്ന് റണ്ണൊഴുകിയപ്പോള്‍ മാത്രമേ ഇന്ത്യക്ക് പിന്തുടര്‍ന്ന് ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളു. ഈ കാലയളവില്‍ ലോകത്തെ ഏറ്റവും വിലയേറിയ ഏകദിനതാരമായിരുന്നു ധോനി. ഇതിനുശേഷമാണ് ധോനിയുടെ ബാറ്റിങ് ശരാശരി താഴാന്‍ തുടങ്ങിയത്. ഇന്ത്യയെ വിജയതീരമെത്തിക്കുന്നതില്‍ പലപ്പോഴും പരാജയപ്പെടുന്ന കാഴ്ച. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റിങ് പൊസിഷനും ഇതില്‍ പ്രശ്‌നമായി തീര്‍ന്നിട്ടുണ്ട്. നല്ല കൂട്ടുകെട്ടുണ്ടായില്ലെങ്കില്‍ മധ്യനിരയ്ക്കും താഴെയിറങ്ങുന്ന ബാറ്റ്‌സ്മാന് കാര്യമായൊന്നും ചെയ്യാന്‍ ബാക്കിയുണ്ടാവില്ല. അഞ്ച്, ആറ് നമ്പറുകളില്‍ ഇറങ്ങുന്ന ബാറ്റ്‌സ്മാനെ സംബന്ധിച്ചിടത്തോളം ഏകദിനക്രിക്കറ്റ് ഒരു ഉത്തരം കിട്ടാത്ത ചോദ്യമാണ്. എപ്പോള്‍ എന്ത് ചെയ്യേണ്ടിവരുമെന്ന് ഒരു ഉറപ്പുമില്ലാത്ത പൊസിഷന്‍.
ക്യാപ്റ്റനെന്ന നിലയില്‍ ധോനിയുടെ ആദ്യ എട്ടുവര്‍ഷങ്ങള്‍ ലോകത്തെ ആദ്യ എട്ട് മികച്ച ഏകദിന ടീമുകള്‍ ഒരോവറില്‍ 5.05- 5.56 എന്ന ശരാശരിയിലായിരുന്നു സ്‌കോര്‍ ചെയ്തിരുന്നത്. കൃത്യമായ കണക്കൂട്ടലുണ്ടെങ്കില്‍ റണ്‍സ് പിന്തുടരല്‍ എളുപ്പമല്ലെങ്കിലും അസാധ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ 300 റണ്‍സ് എന്നത് പോലും ജയിക്കുമെന്നുറപ്പില്ലാത്ത സ്‌കോര്‍. വളരെ അടുത്തകാലത്ത് മാത്രമാണ് ഇന്ത്യയുടെ റണ്‍ചേസ് പലപ്പോഴും ബാലികേറാമലയായി തീര്‍ന്നത്.
ധോനിയെന്ന താരം സെലക്ഷന്‍ കമ്മിറ്റിക്ക് ഇത്രവേഗം വേണ്ടാത്തയാളായി മാറിയതെങ്ങനെയെന്നാണ് പലര്‍ക്കും പിടികിട്ടാത്തത്. കഴിഞ്ഞ ലോകകപ്പിലെ പ്രകടനങ്ങളാണ് അടിസ്ഥാനമെങ്കില്‍ അതിന് ഉത്തരം തേടിയാല്‍ അതും ധോനിക്ക് അനുകൂലമായി വരുകയേ ഉള്ളു. കാരണം ഇന്ത്യക്ക് വേണ്ടി റണ്‍ അടിച്ചു കൂട്ടിയവരില്‍ ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാനുണ്ട്. 45.50 എന്ന ശരാശരിയില്‍ 273 റണ്‍സ് ധോനി നേടി. നാലാം നമ്പറിലും പിന്നീട് ഓപ്പണിങ്ങിലും കളിച്ച കെ.എല്‍. രാഹുലിനേക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റും. ലോകകപ്പിലും അതിനു മുമ്പും ഇന്ത്യന്‍ മധ്യനിരയില്‍ 'കേസേരകളിക്ക്' സാഹചര്യമുണ്ടാക്കിയ സെലക്ടര്‍മാര്‍ ഒന്നുമറന്നു. ഇന്ത്യയ്ക്ക് ഏറ്റവും ആശ്രയിക്കാമായിരുന്ന നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ധോനിയായിരുന്നു. പിന്നാലെ വരുന്നവരെ പറഞ്ഞ് കളിപ്പിക്കാനറിയുന്ന സീനിയര്‍ താരം.
2016 ഏപ്രിലില്‍ ട്വന്റി-ട്വന്റി ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ പുറത്തായശേഷം നടന്ന പത്രസമ്മേളനത്തില്‍ ധോനിയോട് എന്നാണ് വിരമിക്കുന്നത് എന്ന ചോദ്യം ആദ്യമായി ചോദിച്ചിരുന്നു. വ്യക്തമായൊരു മറുപടി പറയാതെ അല്‍പം കുസൃതിയോടെ ഒഴിഞ്ഞുമാറുകയായിരുന്നു. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനോട് ദയനീയമായി പരാജയപ്പെട്ടിടത്തു നിന്നുമാണ് 2019 ലോകകപ്പില്‍ കളിക്കണമെന്ന തീരുമാനം ധോനി എടുത്തതെന്ന് വളരെയടുപ്പമുള്ളവര്‍ പറയുന്നത്. 2019 ലോകകപ്പിന് ശേഷം വിരമിക്കല്‍ ചോദ്യം ചോദിക്കാന്‍ ആര്‍ക്കു മുമ്പിലും നിന്നുകൊടുക്കാതെ ധോനി കശ്മീരിലേക്ക് പറക്കുകയായിരുന്നു.
ധോനിയോളം പ്രഹേളിക നിറഞ്ഞ മറ്റൊരു വ്യക്തിത്വം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇതിന് മുമ്പോ ശേഷമോ ഉണ്ടാകുമെന്നത് സംശയമാണ്. പലപ്പോഴും സെലക്ടര്‍മാര്‍ക്ക് ധോനിയിലേക്കെത്താന്‍ കഴിയാറില്ല, ചില സമയങ്ങളില്‍ ബി.സി.സി.ഐ. പ്രസിഡന്റിന് പോലും. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനും ധോനിയുമായൊരു ഊഷ്മളമായൊരു ആശയവനിമയ ഇടനാഴിയില്ല. പലപ്പോഴും ധോനിയോട് അടുത്ത ബന്ധമുള്ള സഹകളിക്കാരിലൂടെയാണ് സന്ദേശങ്ങള്‍ എത്തിക്കാറ്. സീനിയേഴ്‌സിന്റെയും ജൂനിയേഴ്‌സിന്റെയും ബഹുമാനം ഒരേപോലെ ആര്‍ജിച്ചെടുക്കാന്‍ ധോനിക്ക് കഴിഞ്ഞിട്ടുണ്ട്. യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ട് വരാനുള്ള ധോനിയുടെ കഴിവും ലോകമെങ്ങും അംഗീകരിച്ചിട്ടുള്ളതാണ്. ഈ കഴിഞ്ഞ ലോകകപ്പില്‍ രോഹിത്ശര്‍മ എന്ന ബാറ്റ്‌സ്മാന്‍ ഏറ്റവും റണ്‍സ് നേടിയെങ്കില്‍ അതിന് കടപ്പെട്ടിരിക്കുന്നത് ധോനിയോടാണ്. കാരണം മധ്യനിരയില്‍ കളിച്ചിരുന്ന രോഹിതിനെ ഓപ്പണര്‍ സ്ഥാനത്തേക്ക് എത്തിച്ചത് ധോനിയാണ്.
ധോനിയെ പോലൊരു ഇതിഹാസതുല്യനായ കളിക്കാരനോട് 'നിങ്ങളുടെ സമയം ആയി, നിര്‍ത്തിക്കോളൂ' എന്ന് പറയാനുള്ള ആര്‍ജ്ജവം ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിനെ ഭരിക്കുന്നവരില്‍ ആര്‍ക്കുമുണ്ടായിരുന്നില്ല. ആരും അതിന് ധൈര്യപ്പെടുകയുമില്ല. പക്ഷെ അവര്‍ സൂചനകള്‍ നല്‍കി. യുവരാജ് സിങ്, വിരേന്ദ്ര സേവാഗ്, ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍സിങ് തുടങ്ങിയവര്‍ അത്തരത്തില്‍ പുറത്തേക്ക് വഴികാണിക്കപ്പെട്ടവരാണ്.
ധോനി പക്ഷേ, ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനാകുന്നു. നമ്മള്‍ കണ്ട ധോനി എന്തായിരുന്നോ അതുപോലെ തന്നെയായിരുന്നു വിരമിക്കലും. ചുറ്റിനും വിക്കറ്റുകള്‍ വീഴുമ്പോഴും അചഞ്ചലനായി നില്‍ക്കുന്ന ക്യാപ്ടന്‍. ആത്മവിശ്വാസത്തിന്റെ ഒരു കണികപോലും ചോര്‍ന്ന് പോകാത്ത ആള്‍രൂപം. നന്ദി.. എന്നു തുടങ്ങുന്ന വിരമിക്കല്‍ സന്ദേശത്തിന്റെ രണ്ടുവരികള്‍, ഒരു ധോനി സ്റ്റൈല്‍ ഫിനിഷിങ് ആണ്. ഒരു ഹെലികോപ്ടര്‍ ഷോട്ട്...!
കണക്കുകളിലെ ധോനി
ഏകദിന ലോകകപ്പ് (20072019)
മത്സരങ്ങള്‍: 29
റണ്‍സ്: 780
ഉയര്‍ന്ന സ്‌കോര്‍: 91 നോട്ട് ഔട്ട്
ശരാശരി: 43.33
സ്‌ട്രൈക്ക് റേറ്റ്: 89.96
സെഞ്ച്വറികള്‍: 0
അര്‍ദ്ധസെഞ്ച്വറികള്‍:5
ബൗണ്ടറികള്‍: 59
സിക്‌സറുകള്‍: 15
ടെസ്റ്റ്
മത്സരങ്ങള്‍: 90
റണ്‍സ്: 4,876
ഉയര്‍ന്ന സ്‌കോര്‍: 224
ശരാശരി:38.09
സെഞ്ച്വറികള്‍: 06
അര്‍ദ്ധസെഞ്ച്വറികള്‍: 33
ക്യാച്ചുകള്‍: 256
സ്റ്റംപിങ്: 38
ഏകദിനം
മത്സരങ്ങള്‍: 350
റണ്‍സ്: 10,773
ഉയര്‍ന്ന സ്‌കോര്‍: 183 നോട്ട് ഔട്ട്
ശരാശരി: 50.57
സെഞ്ച്വറികള്‍: 10
അര്‍ദ്ധസെഞ്ച്വറികള്‍: 73
ക്യാച്ചുകള്‍: 321
സ്റ്റംപിങ്: 123
ട്വന്റി ട്വന്റി
മത്സരങ്ങള്‍: 98
റണ്‍സ്: 1,617
ഉയര്‍ന്ന സ്‌കോര്‍: 56
ശരാശരി: 37.60
സെഞ്ച്വറികള്‍: 0
അര്‍ദ്ധസെഞ്ച്വറികള്‍: 02
ക്യാച്ചുകള്‍: 57
സ്റ്റംപിങ്: 34
Content Highlights: MSDhoni Retirement Sachin Indian Cricket Captain World Cup T20 Kohli