നാഗ്പുര്‍: ലോകത്തെ ഏറ്റവും തന്ത്രശാലിയായ ക്രിക്കറ്റ് താരമായാണ് എം.എസ് ധോനിയെ എല്ലാവരും വിലയിരുത്തുന്നത്. പ്രത്യേകിച്ച് തീരുമാനം പുന:പരിശോധിക്കുന്ന ഡി.ആര്‍.എസ് സിസ്റ്റത്തില്‍ ധോനിക്ക് തെറ്റു പറ്റാറില്ല. പലപ്പോഴും ക്യാപ്റ്റനായ വിരാട് കോലി ഇക്കാര്യത്തില്‍ ധോനിയുടെ ഉപദേശം തേടാറുമുണ്ട്.

എന്നാല്‍ നാഗ്പുരില്‍ ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനത്തില്‍ ധോനിക്ക് പിഴച്ചു. മത്സരത്തിന്റെ 37-ാം ഓവറിലായിരുന്നു സംഭവം. കുല്‍ദീപ് യാദവിന്റെ പന്തില്‍ ട്രാവിസ് ഹെഡ് അടിച്ച ഷോട്ട് നേരെ ചെന്നത് ധോനിയുടെ അടുത്തേക്കായിരുന്നു. താഴ്ന്നു വന്ന പന്ത് ധോനി കൈപ്പിടിയിലൊതുക്കുയും ചെയ്തു. 

എന്നാല്‍ അമ്പയര്‍ ഔട്ട് കൊടുത്തില്ല. തുടര്‍ന്ന് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലിയോട് റിവ്യൂവിന് കൊടുക്കാന്‍ ധോനി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ധോനിയുടെ കണക്കുകൂട്ടലുകള്‍ തെറ്റി. പന്ത് ബാറ്റിലുരസാതെയാണ് ധോനിയുടെ കൈയിലെത്തിയതെന്ന് റീപ്ലേയില്‍ വ്യക്തമായി. ധോനിയുടെ റിവ്യൂ തെറ്റിയത് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയും ചെയ്തു.അപൂര്‍വ്വമായി സംഭവിക്കുന്ന പ്രതിഭാസമെന്നായിരുന്നു ആരാധകരുടെ കമന്റ്.