ന്യൂഡൽഹി: ഇന്ത്യൻ ക്യാപ്റ്റനായിരുന്ന എം.എസ് ധോനി കരിയറിന്റെ തുടക്കത്തിൽ അന്തർമുഖനും ലജ്ജാലുവുമായിരുന്നുവെന്ന് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്ങ്. എല്ലാവരും ഒത്തുകൂടിയാലും വളരെ കുറച്ചുമാത്രം സംസാരിക്കുന്ന വ്യക്തി ആയിരുന്നു ധോനി. എന്നാൽ 2008-ലെ സിഡ്നി ടെസ്റ്റിന് ശേഷം ധോനിയിൽ മാറ്റം കണ്ടുതുടങ്ങിയെന്നും സഹതാരങ്ങളോട് കൂടുതൽ സംസാരിക്കാൻ തുടങ്ങിയെന്നും ഹർഭജൻ പറയുന്നു. ഓസീസ് താരം ആൻഡ്രൂ സൈമണ്ട്സിനെ ഹർഭജൻ വംശീയമായി അധിക്ഷേപിച്ചു എന്ന് ആരോപണമുയർന്ന ടെസ്റ്റായിരുന്നു അത്.

ഇൻസ്റ്റഗ്രാം ലൈവിലാണ് ഭാജി ഇന്ത്യൻ ടീമിൽ കളിക്കാൻ തുടങ്ങിയ കാലത്തെ ധോനിയെ കുറിച്ച് വെളിപ്പെടുത്തിയത്.' ഞങ്ങൾ ഒരുമിച്ച് കുറേ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ന്യൂസീലൻഡ്, ഓസ്ട്രേലിയ, വെസ്റ്റിൻഡീസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ പര്യടനവും നടത്തിയിട്ടുണ്ട്. അന്നൊക്കെ ധോനി വളരെ ലജ്ജാലുവാണ്. ഞങ്ങളുടെ റൂമിലേക്കൊന്നും വരില്ല. സ്വന്തം റൂമിൽ അടച്ചുപൂട്ടിയിരിക്കും. ആശിഷ് നെഹ്റയും യുവരാജ് സിങ്ങും എല്ലാം ആഘോഷമാക്കും. എന്നാൽ ധോനി മാത്രം ഒന്നിലും പങ്കെടുക്കാതെ മാറിനിൽക്കും.' ഹർഭജൻ വെളിപ്പെടുത്തുന്നു.

ഇതിനിടയിലാണ് 2008-ലെ ഓസീസ് പര്യടനം വരുന്നത്. സിഡ്നി ടെസ്റ്റിലെ മങ്കി ഗേറ്റ് വിവാദത്തിന് ശേഷം ടീമിലെ ഒത്തൊരുമ കൂടി. ഒരുമിച്ചുനിൽക്കേണ്ട സമയമാണെന്ന് ടീമംഗങ്ങൾക്ക് തോന്നി, അന്നു മുതലാണ് ധോനി വാ തുറന്ന് സംസാരിക്കാൻ തുടങ്ങിയത്. ഒഴിവുസമയങ്ങളിൽ എല്ലാവർക്കുമൊപ്പം വന്നിരിക്കാനും തുടങ്ങി. ഹർഭജൻ വ്യക്തമാക്കുന്നു.

content highlights: MS Dhoni was a very shy guy says Harbhajan Singh