ന്യൂഡല്‍ഹി: എം.എസ് ധോനി വിരമിക്കാതിരുന്നത് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സ്ഥാനത്തേക്ക് ഋഷഭ് പന്തിനെ വളര്‍ത്തിക്കൊണ്ടുവരുന്നതു വരെ ധോനിയോട് തുടരാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു.

ടീമില്‍ തന്റെ സ്ഥാനമെന്താണെന്ന് നന്നായി അറിയുന്നയാളാണ് ധോനി, ഒരു ടീം പ്ലെയറാണ് അദ്ദേഹം. വിരമിക്കലിനെ കുറിച്ച് തനിക്ക് ചുറ്റും നടക്കുന്ന ചര്‍ച്ചകളൊന്നും തന്നെ അദ്ദേഹത്തെ ബാധിക്കുന്നില്ല. അനാവശ്യ വിവാദങ്ങളോട് പ്രതികരിക്കുന്ന ആളുമല്ല ധോനിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഋഷഭ് പന്തിനെ വളര്‍ത്തിയെടുക്കുന്ന ശ്രമത്തിലാണ് ടീം മാനേജ്‌മെന്റ്. ഇക്കാരണത്താല്‍ തന്നെ ഒരു മാര്‍ഗദര്‍ശിയെന്ന നിലയിലും ബാക്കപ്പ് എന്ന നിലയിലും ധോനിയുടെ സാന്നിധ്യം ടീമിന് ആവശ്യമാണെന്നും വിശ്വസനീയമായ വൃത്തങ്ങളെ ഉദ്ധരിച്ച് ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മാത്രമല്ല വിന്‍ഡീസ് പര്യടനത്തിലെ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഒരു റിസര്‍വ് വിക്കറ്റ് കീപ്പര്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ഏതെങ്കിലും സാഹചര്യത്തില്‍ പന്തിന് പരിക്കേറ്റാല്‍ ധോനിയല്ലാതെ മറ്റൊരു ഓപ്ഷന്‍ ഇന്ത്യന്‍ ടീമിനില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ ഉണ്ടാകില്ലെന്ന് ധോനി തന്നെ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. സൈനിക സേവനത്തിനായി രണ്ട് മാസം അവധിയെടുക്കുകയാണെന്നും ടീമില്‍ ഉള്‍പ്പെടുത്തരുതെന്നുമായിരുന്നു ധോനിയുടെ ആവശ്യം.

Content Highlights: MS Dhoni told not to retire till Rishabh Pant is being groomed