ദുബായ്: ഡെത്ത് ഓവറുകളിൽ നിലവിൽ ലോകത്തിലെ തന്നെ മികച്ച ബൗളർമാരിൽ ഒരാളാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. പലപ്പോഴും അവസാന ഓവറുകളിൽ റണ്ണൊഴുക്ക് തടയുന്നതിനും വിക്കറ്റ് വീഴ്ത്തുന്നതിനും ബുംറയുടെ യോർക്കറുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.

എന്നാൽ ഇപ്പോഴിതാ ഇന്ത്യയ്ക്കായുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ ക്യാപ്റ്റനായിരുന്ന എം.എസ് ധോനി തന്നോട് യോർക്കറുകൾ എറിയരുതെന്ന് നിർദേശിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

2016-ൽ ഓസ്ട്രേലിയക്കെതിരേ സിഡ്നിയിലായിരുന്നു ബുംറയുടെ അരങ്ങേറ്റം. അതിനു മുമ്പ് ബുംറ പന്തെറിയുന്നത് ധോനി കണ്ടിട്ടുണ്ടായിരുന്നില്ല. ബുംറയോട് തന്റെ ഏറ്റവും ഫലപ്രദമായ ആയുധമായ യോർക്കർ എറിയേണ്ടെന്ന് ധോനി പറയാനുള്ള കാരണവും ഒരുപക്ഷേ ഇതായിരിക്കും.

''അദ്ദേഹത്തിനു (ധോനി) കീഴിലാണ് ഞാൻ അരങ്ങേറ്റ മത്സരം (സിഡ്നി, 2016) കളിച്ചത്. അദ്ദേഹം ഒരുപാട് ആത്മവിശ്വാസവും നൽകിയിരുന്നു. അതിനു മുമ്പ് മഹി ഭായ് ഞാൻ എവിടെയും ബൗൾ ചെയ്യുന്നത് കണ്ടിട്ടുണ്ടായിരുന്നില്ല എന്ന കാര്യം അധികമാർക്കും അറിയില്ല. എന്റെ അരങ്ങേറ്റ മത്സരത്തിൽ ഡെത്ത് ഓവറുകൾ എറിയാൻ പോകുന്നതിനു മുമ്പ് ഞാൻ അദ്ദേഹത്തോട് യോർക്കറുകൾ എറിഞ്ഞോട്ടേ എന്ന് ചോദിച്ചു. വേണ്ട, യോർക്കറുകൾ എറിയരുത് എന്നായിരുന്നു മറുപടി. യോർക്കറുകൾ എറിയാൻ ബുദ്ധിമുട്ടുള്ളവയായതിനാൽ എനിക്ക് അതിന് സാധിക്കില്ലെന്നായിരുന്നു അദ്ദേഹം കരുതിയത്.'' - ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ബുംറ പറഞ്ഞു.

എന്നാൽ ധോനിയുടെ നിർദേശം മറികടന്ന് യോർക്കറുകൾ തന്നെ പരീക്ഷിച്ച ബുംറ 49-ാം ഓവറിൽ വെറും മൂന്നു റൺസ് മാത്രമായിരുന്നു വഴങ്ങിയത്. മത്സരത്തിൽ 40 റൺസ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളും വീഴ്ത്തി.

ആ ഓവറിനു ശേഷം ധോനി തന്റെ അടുത്ത് വന്ന് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും നീ നേരത്തെ ടീമിൽ എത്തേണ്ടതായിരുന്നുവെന്നും അങ്ങനെയായിരുന്നുവെങ്കിൽ പരമ്പര മുഴുവൻ നമ്മൾ ജയിച്ചേനേ എന്നും പറഞ്ഞുവെന്ന് ബുംറ കൂട്ടിച്ചേർത്തു. പേടിയോടെ അരങ്ങേറ്റ മത്സരം കളിച്ച തനിക്ക് അദ്ദേഹത്തിന്റെ വാക്കുകളോടെ ആത്മവിശ്വാസം വർധിച്ചുവെന്നും ബുംറ വ്യക്തമാക്കി.

Content Highlights:MS Dhoni told Jasprit Bumrah not to bowl yorkers in his ODI debut