മുംബൈ: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന രണ്ട് ഏകദിനങ്ങളില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിക്ക് വിശ്രമം അനുവദിച്ചു. ഇന്ത്യയുടെ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാറാണ് ഇക്കാര്യം അറിയിച്ചത്.
ധോനിയുടെ ജന്മനാടായ റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഓസിസിനോട് 32 റണ്‍സിന് പരാജയപ്പെട്ടതിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ബംഗാര്‍ ഇക്കാര്യം അറിയിച്ചത്. ധോനി പോകുന്നതോടെ അവസാന രണ്ട് മത്സരങ്ങളില്‍ യുവതാരം ഋഷഭ് പന്ത് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തെത്തും. ലോകകപ്പിനു മുന്‍പ് കഴിവ് തെളിയിക്കാനുള്ള അവസരമാണ് ഇതോടെ പന്തിന് കൈവന്നിരിക്കുന്നത്.
പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ 42 പന്തുകള്‍ നേരിട്ട ധോനി 26 റണ്‍സെടുത്തിരുന്നു. ലോകകപ്പിനു മുന്‍പ് യുവ കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടീമില്‍ ഇനിയും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ തോല്‍വി വഴങ്ങിയിരുന്നു.
അതേസമയം റാഞ്ചിയിലെ മത്സരത്തിനിടെ കാലിന് ചെറിയ പരിക്കേറ്റ മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. വിശദമായ പരിശോധനകള്‍ക്കു ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക. അങ്ങനെയെങ്കില്‍ ഷമിക്ക് പകരം ഭുവനേശ്വര്‍ കുമാര്‍ ടീമിലെത്തും.
Content Highlights: ms dhoni to be rested for last two odis