ന്യൂഡല്‍ഹി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളാണ് എം.എസ് ധോനിയെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ല. അത്രയേറേ നേട്ടങ്ങളാണ് ഒരു നായകന്‍ എന്ന നിലയില്‍ ധോനി ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ചത്.

കളത്തിനകത്ത് ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടുപോകുന്നതിലും കളിക്കിടെ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലുമുള്ള ധോനിയുടെ കഴിവിന് ഉദാഹരണങ്ങൾ ഏറെയാണ്. 

ഇപ്പോഴിതാ ഒരു നായകന്റെ എല്ലാവശങ്ങളും താന്‍ നോക്കി പഠിച്ചത് ധോനിയില്‍ നിന്നാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

ധോനിക്കു മുന്‍പ് മറ്റാരോടും താന്‍ കളിയെ കുറിച്ച് ഇത്ര കൂടുതല്‍ സംസാരിച്ചിട്ടില്ലെന്ന് കോലി പറയുന്നു. ''ചെറുപ്പത്തില്‍ തന്നെ പ്രത്യേകിച്ചും ഉപനായകനാകുന്നതിനു മുന്‍പു തന്നെ ഞാന്‍ ധോനിയുമായി കളിയെ കുറിച്ച് സ്ഥിരമായി സംസാരിക്കാറുണ്ടായിരുന്നു. ഞാന്‍ എന്റെ നിര്‍ദേശങ്ങള്‍ പലതും അദ്ദേഹത്തോട് പങ്കുവയ്ക്കുകയും ചെയ്തിരുന്നു''.

''കളിയെ കുറിച്ച് കൂടുതലായി ചിന്തിക്കാന്‍ എനിക്ക് ഇഷ്ടമായതുകൊണ്ടു തന്നെയാണ് ക്യാപ്റ്റന്‍സി എനിക്ക് ആസ്വദിക്കാന്‍ സാധിക്കുന്നത്. അതുപോലെ തന്നെ വിജയലക്ഷ്യം പിന്തുടരുന്നതും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണ്. മത്സരത്തിനിടെ ഇത്തരത്തില്‍ അടുത്തത് എന്തുചെയ്യണമെന്ന് കണക്കുകൂട്ടി നീങ്ങുന്നത് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണ്. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം തന്നെ ഞാന്‍ പഠിച്ചത് ധോനിയില്‍ നിന്നാണ്. പലപ്പോഴും സ്ലിപ്പില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ധോനിയെ സസൂക്ഷ്മം നിരീക്ഷിക്കാറുണ്ട്'', കോലി വ്യക്തമാക്കി.

Content Highlights: ms dhoni the only captain i've learnt leadership from says virat kohli