റാഞ്ചി: ഐ.പി.എല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സിനൊപ്പം പരിശീലനത്തിന് ചേരാൻ തയ്യാറെടുത്ത് ക്യാപ്റ്റൻ എം.എസ് ധോനി. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ക്യാമ്പിനൊപ്പം ധോനി ശനിയാഴ്ച്ച ചേരും. ചെന്നൈയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് നടത്തിയ ധോനിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി. കോവിഡ് വ്യാപിക്കുന്ന സാഹര്യത്തിൽ ബി.സി.സിഐ തയ്യാറാക്കിയ പ്രോട്ടോക്കോൾ പ്രകാരമാണ് ചെന്നൈ ക്യാപ്റ്റൻ പരിശോധനയ്ക്ക് വിധേയനായത്.
റാഞ്ചിയിലെ ഗുരുനാനാക്ക് ആശുപത്രിയിലെ ലാബ് അധികൃതർ ധോനിയുടെ ഫാം ഹൗസിലെത്തി ബുധനാഴ്ച്ചയാണ് സാമ്പിൾ ശേഖരിച്ചത്. ധോനിയെ കൂടാതെ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായ മോനു കുമാറും പരിശോധനയ്ക്ക് വിധേയനായി.
ധോനിയെക്കൂടാതെ ഹർഭജൻ സിങ്ങ്, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു തുടങ്ങിയ താരങ്ങളും പരിശീലന ക്യാമ്പിലെത്തും. എന്നാൽ രവീന്ദ്ര ജഡേജയ്ക്ക് പരിശീലനത്തിൽ പങ്കെടുക്കാനാകില്ല എന്നാണ് റിപ്പോർട്ട്. ബൗളിങ് പരിശീലകൻ ബാലാജിയുടെ നേതൃത്വത്തിലാണ് ശനിയാഴ്ച്ച ചെപ്പോക്കിൽ ക്യാമ്പ് ആരംഭിക്കുന്നത്.
ധോനിയുൾപ്പെടെയുള്ള താരങ്ങളുടെ സംഘം ഐ.പി.എല്ലിനായി ഓഗസ്റ്റ് 21-നാണ് ദുബായിലേക്ക് വിമാനം കയറുക. പരിശീലനത്തിൽ പങ്കെടുക്കാത്ത ജഡേജയും ടീമിനൊപ്പം ഉണ്ടാകും. മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ളെമിങ്ങും സഹപരിശീലകൻ മെക്ക് ഹസ്സിയും ഓഗസ്റ്റ് 22-ന് യു.എ.ഇയിലെത്തും. ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഫാഫ് ഡുപ്ലെസിസ്, ലുങ്കി എൻഗിഡി എന്നിവർ സെപ്റ്റംബർ ഒന്നിന് ശേഷമാകും എത്തുക. സെപ്റ്റംബർ 19-നാണ് ഐ.പി.എൽ 13-ാം സീസൺ തുടങ്ങുന്നത്.
Content Highlights: MS Dhoni tests negative for Covid 19 set to join Chennai Super Kings camp tomorrow