ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിന് ഒരുങ്ങി താരങ്ങൾ ടീമിനൊപ്പം ചേർന്നു തുടങ്ങി. ഐ.പി.എല്ലിന് വേദിയാകുന്ന യു.എ.ഇയിലേക്ക് പറക്കുന്നതിന് മുമ്പ് ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ആറു ദിവസത്തെ ക്യാമ്പിനായി ഇന്ത്യൻ താരങ്ങൾ ചെന്നൈയിലെത്തി. ക്യാപ്റ്റൻ എം.എസ് ധോനി, സുരേഷ് റെയ്ന, ദീപക് ചാഹർ, പിയൂഷ് ചൗള തുടങ്ങിയവരാണ് ചെന്നൈയിലെത്തിയത്.

ഡൽഹിയിൽ നിന്ന് വിമാനമാർഗമാണ് ഇവർ ചെന്നൈയിലെത്തയത്. വിമാനത്തിൽ നിന്നുള്ള ചിത്രങ്ങൾ റെയ്ന ട്വീറ്റ് ചെയ്തിട്ടുണ്ട്. ധോനി എയർപോർട്ടിൽ വന്നിറങ്ങുന്ന ചിത്രം ചെന്നൈ സൂപ്പർ കിങ്സും പങ്കുവെച്ചിട്ടുണ്ട്. ഓഗസ്റ്റ് 15 മുതൽ 20 വരെ ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് ക്യാമ്പ് നടക്കുന്നത്. ബൗളിങ് പരിശീലകൻ എൽ ബാലാജിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക.

അതിനുശേഷം ഈ മാസം 22-ന് താരങ്ങൾ ചാർട്ടേഡ് വിമാനത്തിൽ യു.എ.ഇയിലേക്ക് പോകും. മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ളെമിങ്, ബാറ്റിങ് പരിശീലകൻ മൈക്ക് ഹസ്സി എന്നിവർ ടീമിനൊപ്പം ചേരാനായി ഓഗസ്റ്റ് 23-ന് യു.എ.ഇയിലെത്തും. അതേസമയം വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്ര ജഡേജ ക്യാമ്പിൽ നിന്ന് പിന്മാറിയിട്ടുണ്ട്. ജഡേജ പിന്നീട് യു.എ.ഇയിലെത്തും. സെപ്റ്റംബർ 19-നാണ് ഐ.പി.എൽ തുടങ്ങുന്നത്.

 

 

Content Highlights: MS Dhoni, Suresh Raina, six day training camp with CSK, IPL 2020