കാന്‍ഡി: ഏകദിന ക്രിക്കറ്റില്‍ സ്റ്റമ്പിങ് റെക്കോഡുമായി എം.എസ് ധോനി. കാന്‍ഡിയില്‍ നടക്കുന്ന ലങ്കയ്ക്കെതിരായ ഏകദിനത്തില്‍ 99-ാം ഇരയെ കണ്ടെത്തിയാണ് ധോനി ലോകറെക്കോഡിട്ടത്. ഇതോടെ ധോനി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റമ്പിങ്ങെന്ന റെക്കോഡില്‍ കുമാര്‍ സംഗക്കാരക്കൊപ്പമെത്തി.

തന്റെ 298-ാം ഏകദിനത്തിനറങ്ങിയ ധോനി ശ്രീലങ്കന്‍ ഓപ്പണര്‍ ധനുഷ്‌ക ഗുണതിലകയെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയാണ് ചരിത്രനേട്ടത്തിലെത്തിയത്. ലങ്കന്‍ ഇന്നിങ്‌സിന്റെ 14-ാം ഓവറില്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്റെ ബൗളിങ്ങിലായിരുന്നു ധോനിയുടെ സ്റ്റമ്പിങ്.

ചാഹലിന്റെ പന്തില്‍ മുന്നോട്ടാഞ്ഞ് കളിക്കാന്‍ ശ്രമിച്ച ഗുണതിലകയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പന്ത് ധോനിയുടെ അടുത്തെത്തി. തന്റെ ശരീരത്തില്‍ തട്ടിയ പന്ത് ധോനി വേഗത്തില്‍ കൈക്കലാക്കി ഗുണതിലകയെ പുറത്താക്കി.

ലങ്കയുടെ മുന്‍ ക്യാപ്റ്റനായ കുമാര്‍ സംഗക്കാര 404 ഏകദിനങ്ങളില്‍ നിന്നാണ് 99 പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയത്. രമേഷ് കലുവിതരണയുടെ അക്കൗണ്ടില്‍ 75 സ്റ്റമ്പിങ്ങും പാകിസ്താന്റെ ഇതിഹാസ താരം മോയിന്‍ ഖാന്റേ പേരില്‍ 73 സ്റ്റമ്പിങ് റെക്കോഡുമുണ്ട്.

വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന്റെ പന്തിലാണ് ധോനി ഏറ്റവും കൂടുതല്‍ പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയത്. 19 എണ്ണവും ഭാജിയുടെ പന്തില്‍ നിന്നായിരുന്നു. രവീന്ദ്ര ജഡേജയുടെ പന്തില്‍ 15 പേരെയും രവിചന്ദ്ര അശ്വിന്റെ പന്തില്‍ 14 പേരെയും ധോനി പുറത്താക്കി.