ഇസ്ലാമാബാദ്: 2019 ലോകകപ്പിനു പിന്നാലെ തന്നെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി വിരമിക്കണമായിരുന്നുവെന്ന് മുന്‍ പാക് താരം ഷുഐബ് അക്തര്‍. ലോകകപ്പിനു ശേഷം ധോനി ഒരു വിടവാങ്ങല്‍ പരമ്പര കളിച്ച് വിരമിക്കണമായിരുന്നുവെന്ന് അക്തര്‍ പി.ടി.ഐയോട് പറഞ്ഞു.
''തന്റെ കഴിവിന്റെ പരമാവധി രാജ്യത്തെ സേവിച്ച വ്യക്തിയാണ് ധോനി. അദ്ദേഹം മാന്യമായി ക്രിക്കറ്റിനോട് വിടപറയണം. എന്തിനാണ് ധോനി അതിങ്ങനെ വലിച്ചുനീട്ടുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ലോകകപ്പിനു പിന്നാലെ തന്നെ അദ്ദേഹം വിരമിക്കണമായിരുന്നു'', അക്തര്‍ വ്യക്തമാക്കി.
''ധോനിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ കളിനിര്‍ത്തുമായിരുന്നു. 2011 ലോകകപ്പിനുശേഷം എനിക്കു വേണമെങ്കില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നാലോ അഞ്ചോ വര്‍ഷം കൂടി തുടരാമായിരുന്നു. പക്ഷേ, ടീമിനായി എന്റെ 100 ശതമാനം പുറത്തെടുക്കാന്‍ സാധിക്കില്ലെന്ന് ബോധ്യമായതോടെ ഞാന്‍ വിരമിച്ചു. അല്ലെങ്കിലും എന്തിനാണ് ഇങ്ങനെ വലിച്ചുനീട്ടുന്നത്?'', അക്തര്‍ ചോദിച്ചു.
ധോനിക്ക് മാന്യമായി വിരമിക്കാനുള്ള വേദിയൊരുക്കേണ്ടത് രാജ്യത്തിന്റെ കടമയാണെന്നും അക്തര്‍ ചൂണ്ടിക്കാട്ടി. ഒട്ടേറെ അദ്ഭുത പ്രകടനങ്ങള്‍ നടത്തിയ താരമാണ് അദ്ദേഹം. ലോകകപ്പ് നേടിത്തന്ന താരമാണ്. അതോടൊപ്പം നല്ലൊരു മനുഷ്യന്‍ കൂടിയാണ് ധോനിയെന്നും അക്തര്‍ അഭിപ്രായപ്പെട്ടു.
Content Highlights: Dhoni should have retired after 2019 World Cup says Shoaib Akhtar