ന്യൂഡല്‍ഹി: രാജ്‌കോട്ടില്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടിട്വന്റിയില്‍ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ എം.എസ് ധോനിക്കെതിരെ മുന്‍താരങ്ങളായ വി.വി.എസ് ലക്ഷ്മണും അജിത് അഗാര്‍ക്കറും. ടിട്വന്റിയില്‍ ധോനിക്ക് പകരം ഒരാളെ ഇന്ത്യന്‍ ടീം കണ്ടെത്തേണ്ട സമയമായിട്ടുണ്ടെന്നും ആറാം നമ്പറില്‍ ഇറങ്ങുന്ന ധോനിക്ക് ബാറ്റിങ് ഫോമിലേക്കെത്താന്‍ ഏറെ സമയം വേണ്ടി വരുന്നുണ്ടെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ഇത്രയും സമയമെടുത്ത് ഫോമിലേക്കെത്തുന്നത് ടിട്വന്റിക്ക് യോജിച്ചതല്ലെന്നുമാണ് ഇരുവരുടെയും അഭിപ്രായം.

രാജ്‌കോട്ടില്‍ നടന്ന ടിട്വന്റി തന്നെയാണ് ധോനി മാറേണ്ട സമയമായി എന്നതിനുള്ള ഉദാഹരണം. ആ സമയത്ത് ധോനി കോലിക്ക് സ്‌ട്രൈക്ക് കൊടുക്കണമായിരുന്നു. കാരണം കോലിയുടെ സ്‌ട്രൈക്ക് റേറ്റ് 160ഉം ധോനിയുടേത് 80ഉം ആയിരുന്നു. കൂറ്റന്‍ വിജലക്ഷ്യം പിന്തുടരുമ്പോള്‍ ആ സ്‌ട്രൈക്ക് റേറ്റില്‍ ഒന്നും ചെയ്യാനാവില്ല. ലക്ഷ്മണ്‍ വ്യക്തമാക്കി.

യുവതാരങ്ങള്‍ക്ക് വേണ്ടി ധോനി വഴിമാറേണ്ട സമയമാണിത്. എനിക്ക് അങ്ങിനെയാണ് തോന്നുന്നത്. യുവതാരങ്ങള്‍ വളര്‍ന്നുവരട്ടെ. പക്ഷേ ഏകദിനത്തില്‍ ധോനിയുടെ റോള്‍ വിലമതിക്കാനാവാത്തതാണെന്ന് തന്നെയാണ് എന്റെ അഭിപ്രായം. ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

ടിട്വന്റിയില്‍ ധോനിയല്ലാതെ മറ്റു താരങ്ങളെ ഇന്ത്യ പരിഗണിക്കേണ്ട സമയമാണിതെന്ന് അഗാര്‍ക്കറും അഭിപ്രായപ്പെട്ടു. ടിട്വന്റി ക്രിക്കറ്റില്‍ സമയത്തിനാണ് പ്രാധാന്യമെന്നും ക്രീസില്‍ നില്‍ക്കുമ്പോള്‍ സമയമെടുത്ത് ഷോട്ട് കണ്ടെത്തുന്ന ധോനിക്ക് ടിട്വന്റി യോജിച്ചതല്ലെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി. 

ധോനിയുടെ ഏകദിനത്തിലെ മികവില്‍ ഇന്ത്യന്‍ ടീം സന്തുഷ്ടരാണെന്ന് തോന്നുന്നു. ഒരു നായകനായി ഇരുന്നപ്പോഴുളള സാഹചര്യം അല്ല ഇത്. ഇപ്പോള്‍ അദ്ദേഹം ഒരു ബാറ്റ്‌സമാന്‍ മാത്രമാണ്. അഗാര്‍ക്കര് ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

രാജ്‌കോട്ടില്‍ ഇന്ത്യ 40 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ആദ്യ 18 പന്തില്‍ 16 റണ്‍സ് മാത്രമാണ് ധോനിക്ക് നേടാനായത്. ഇതായിരുന്നു ഇന്ത്യയുടെ പരാജയത്തിന്റെ പ്രധാനകാരണമെന്ന വിമര്‍ശനവുമയര്‍ന്നിരുന്നു. 

Content Highlights: MS Dhoni Ajit Agarkar VVS Laxman Cricket T20 Cricket