റാഞ്ചി: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ മുന്‍ നായകന്‍ എം.എസ് ധോനിയെ കുറിച്ചാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച. ധോനി ഇനി ഒരു അന്താരാഷ്ട്ര മത്സരം കളിക്കുമോ എന്ന കാര്യത്തില്‍ ആരാധകര്‍ക്കു പോലും സംശയമുണ്ട്.

38-ാം വയസില്‍ ലോകകപ്പ് കളിക്കാനെത്തിയ ധോനിയുടെ കരിയറിന്റെ അവസാനം ഈ ടൂര്‍ണമെന്റിലാകുമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റപ്പോള്‍ വിരമിക്കലിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് വിരാട് കോലിയും ധോനിയും മൗനം പാലിച്ചു.

ഇപ്പോഴിതാ ധോനി ക്രിക്കറ്റിന്റെ ചെറിയ ഫോര്‍മാറ്റില്‍ തുടരണമെന്നും 2020 ട്വന്റി 20 ലോകകപ്പിനു ശേഷം കളി നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിച്ചാല്‍ മതിയെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ധോനിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജി.

'' ധോനി ട്വന്റി 20 മത്സരങ്ങളില്‍ തുടരണമെന്നാണ് എന്റെ പക്ഷം. 50 ഓവര്‍ വിക്കറ്റ് കീപ്പിങ്ങും അതിനു ശേഷം ബാറ്റിങ്ങുമായി ഏകദിനങ്ങള്‍ കൂടുതല്‍ അധ്വാനം ആവശ്യപ്പെടുന്നവയാണ്. ശരീരത്തിനും അത് പ്രയാസമായിരിക്കും. മാത്രമല്ല ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന്റെ സമ്മര്‍ദവും അദ്ദേഹത്തിനുണ്ടാകും. ട്വന്റി 20-ക്കാണെങ്കില്‍ ഇത്ര ദൈര്‍ഘ്യമില്ലല്ലോ'' - കേശവ് ബാനര്‍ജി പറഞ്ഞു.

മാത്രമല്ല ധോനിയുടെ ഇപ്പോഴത്തെ കായികക്ഷമതയനുസരിച്ച് അദ്ദേഹം ചെറിയ ഫോര്‍മാറ്റില്‍ കളിക്കാന്‍ പ്രാപ്തനാണെന്നും ബാനര്‍ജി പറയുന്നു. അടുത്ത ട്വന്റി 20 ലോകകപ്പില്‍ ധോനിക്ക് കളിക്കാമെന്നാണ് തനിക്ക് തോന്നുന്നതെന്നു പറഞ്ഞ ബാനര്‍ജി പിന്നീട് ഭാവിയെ കുറിച്ച് ആലോചിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ എട്ടു മത്സരങ്ങളില്‍ നിന്ന് ധോനി 273 റണ്‍സ് നേടിയിരുന്നു. എന്നാല്‍, ലോകകപ്പിലെ പ്രകടനം അത്ര ആകര്‍ഷകമായിരുന്നില്ല. ബാറ്റിങ്ങിലെ മെല്ലെപ്പോക്കിനൊപ്പം വിക്കറ്റ് കീപ്പിങ്ങിലും ധോനിക്ക് പിഴച്ചു. ധോനിക്ക് കീപ്പിങ്ങില്‍ പിഴയ്ക്കുന്നത് ആദ്യമായി കാണുകയായിരുന്നു. സച്ചിന്‍ അടക്കമുള്ളവര്‍ ധോനിയുടെ ബാറ്റിങ്ങിനെ വിമര്‍ശിക്കുന്നതിനും ലോകകപ്പ് സാക്ഷിയായി. 

അതേസമയം ഇന്ത്യയെ രണ്ടു ലോകകിരീടങ്ങളിലേക്ക് നയിച്ച ധോനിക്ക് ഉചിതമായൊരു യാത്രയയപ്പ് നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനും ആഗ്രഹമുണ്ട്. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്കെതിരേ ഇന്ത്യയില്‍ ഈ വര്‍ഷം മത്സരമുണ്ട്. ഹോം മത്സരങ്ങളിലൊന്നില്‍ വിരമിക്കാനും സാധ്യതയുണ്ട്.

Content Highlights: MS Dhoni should continue playing until 2020 T20 World Cup