ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താകുമെന്ന സാഹചര്യത്തില്‍ ധോനി പലപ്പോഴും രക്ഷകനായിരുന്നുവെന്ന് പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മ. ധോനി ക്യാപ്റ്റനായിരുന്ന സമയത്ത് അദ്ദേഹം തന്നെ പിന്തുണ എത്ര പറഞ്ഞാലും തീരില്ലെന്നും ഇഷാന്ത് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

'ഞാന്‍ മഹി ഭായിയുടെ കീഴില്‍ കളിക്കുന്ന സമയത്ത് അദ്ദേഹം തന്ന പിന്തുണ ചെറുതല്ല. ടീമില്‍ നിന്ന് ഞാന്‍ പുറത്താകാനുള്ള സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ പലപ്പോഴും മഹി ഭായ് രക്ഷയ്‌ക്കെത്തി. ഇന്ത്യന്‍ ടീമിന് അദ്ദേഹം മുതല്‍ക്കൂട്ടാണ്. അദ്ദേഹം ക്യാപ്റ്റനെ സഹായിക്കുന്നു. ഇതിഹാസ താരമാണ്. അദ്ദേഹം ടീമിന് എന്താണ് എന്നത് വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാനാകില്ല'  ഇഷാന്ത് വ്യക്തമാക്കി.

നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയെക്കുറിച്ചും ഇഷാന്ത് അഭിമുഖത്തില്‍ പറയുന്നുണ്ട്. ആ വാക്കുകള്‍ ഇങ്ങനെ: പലപ്പോഴും കോലി എന്റെ അടുത്തു വന്നു പറയും 'നിങ്ങള്‍ ക്ഷീണിതനാണെന്ന് അറിയാം. പക്ഷേ വിട്ടുകൊടുക്കരുത്, സീനിയര്‍ താരമെന്ന നിലയില്‍ പൊരുതണം. നിങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്' 

ഐ.പി.എല്‍ മികച്ച അവസരമാണെന്നും മികവാവര്‍ത്തിച്ചാല്‍ ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ ഇടം പിടിക്കാമെന്നാണ് പ്രതീക്ഷയെന്നും ഇഷാന്ത് പറഞ്ഞു. ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായാണ് ഇഷാന്ത് കളിക്കുന്നത്. മുപ്പതുകാരനായ ഇഷാന്ത് 80 ഏകദിനങ്ങളും 90 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. 

Content Highlights: MS Dhoni saved me from getting dropped says Ishant Sharma