ന്യൂഡല്‍ഹി: ക്യാപ്റ്റനായിരിക്കെ ധോനി സ്വീകരിച്ച പല നിലപാടുകളും ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് സഹായകരമായിരുന്നു എന്ന കാര്യം ക്രിക്കറ്റ് പണ്ഡിതര്‍ തന്നെ സമ്മതിക്കുന്നതാണ്. ടീമിലെ താരങ്ങള്‍ക്ക് അവരുടെ മോശം സമയത്തും ധോനി നല്‍കിയിരുന്ന പിന്തുണ വളരെ വലുതായിരുന്നു.

ഇപ്പോഴിതാ തന്റെ മോശം സമയത്ത് ധോനി നല്‍കിയ പിന്തുണയെ കുറിച്ച് തുറന്നു പറയുകയാണ് ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മ. ധോനി തന്നില്‍ അര്‍പ്പിച്ച വിശ്വാസം കരിയറില്‍ തുണയായിട്ടുണ്ടെന്ന് ഇഷാന്ത് പറഞ്ഞു. 

മോശം ഫോമിന്റെ പേരില്‍ ഇഷാന്തിനെ ടീമില്‍ നിന്നൊഴിവാക്കാന്‍ നീക്കമുണ്ടായിരുന്നു. ഈ സമയത്ത് താരത്തിന് തുണയായത് ധോനിയുടെ പിന്തുണയായിരുന്നു. '' പലപ്പോഴും ടീമില്‍ നിന്ന് പുറത്താക്കുമെന്ന ഘട്ടത്തില്‍ മഹി ഭായ് എന്നെ രക്ഷിച്ചിട്ടുണ്ട്. അത്രയേറെ പിന്തുണയും അദ്ദേഹം നല്‍കിയിട്ടുണ്ട്'' - ഇഷാന്ത് വ്യക്തമാക്കി.

2007-ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഇഷാന്ത് ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് ഇന്ത്യയ്ക്കായി കളിക്കുന്നത്. 2013 ചാമ്പ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനത്തിനു ശേഷം ടെസ്റ്റ് ബൗളറെന്ന ലേബലില്‍ പെട്ടുപോവുകയായിരുന്നു ഇഷാന്ത്. തന്നെ എന്തുകൊണ്ടാണ് നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതെന്ന് അറിയില്ലെന്ന് ലോകകപ്പ് കളിക്കാനുള്ള ആഗ്രഹം പങ്കുവെച്ച് ഇഷാന്ത് പറഞ്ഞു. 2011, 2015 ലോകകപ്പ് ടീമിലേക്ക് ഇഷാന്തിനെ പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ആരെയും കുറ്റംപറയാന്‍ ഇഷാന്ത് ഒരുക്കമല്ല. 

അതേസമയം നിലവില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം ഐ.പി.എല്‍ തിരക്കിലേക്ക് കടക്കുമ്പോള്‍ ഇഷാന്ത് അക്കൂട്ടത്തിലില്ല. ഈ സമയം കൗണ്ടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

Content Highlights: ms dhoni saved me from getting dropped a few times reveals ishant sharma