മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ എം.എസ് ധോനിയുടെ സമയം അതിക്രമിച്ചെന്നും അദ്ദേഹം വിരമിക്കേണ്ട സമയമായെന്നും മുന്‍ താരം സുനില്‍ ഗാവസ്‌ക്കര്‍. ധോനിക്ക് പകരക്കാരനെ ഇന്ത്യ കണ്ടെത്തേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യാ ടുഡെയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഗാവസ്‌ക്കര്‍ ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ചത്. ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്ന സമയത്തു തന്നെയാണ് ഗാവസ്‌ക്കറുടെ ഈ വാക്കുകള്‍.

''എന്താണ് ധോനിയുടെ മനസിലുള്ളതെന്ന് ആര്‍ക്കും അറിയില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഭാവിയെ പറ്റി അദ്ദേഹത്തിനു മാത്രമേ പറയാനാകൂ. ധോനിക്ക് ഇപ്പോള്‍ പ്രായം 38-ല്‍ എത്തിനില്‍ക്കുകയാണ്. എനിക്ക് തോന്നുന്നത് ഇന്ത്യ മുന്നോട്ടു ചിന്തിക്കണമെന്നാണ്. കാരണം ട്വന്റി 20 ലോകകപ്പാണ് ഇനി വരാനുള്ളത്. ആ സമയമാകുമ്പോഴേക്കും ധോനിക്ക് 39 വയസാകും'' - ഗാവസ്‌ക്കര്‍ ചൂണ്ടിക്കാട്ടി.

''ലക്ഷക്കണക്കിന് ആളുകളെ പോലെ ഞാനും ധോനിയുടെ ഒരു ആരാധകന്‍ തന്നെയാണ്. എന്നാല്‍ അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനത്തോടേയും പറയുകയാണ്, ധോനിയുടെ സമയമായിരിക്കുന്നു. പുറത്താക്കും മുമ്പ് അദ്ദേഹം സ്വയം ഒഴിയണം'' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: MS Dhoni’s time is up should call it quits Sunil Gavaskar