ന്യൂഡല്‍ഹി: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോനിക്ക് പരസ്യ രംഗത്തും തിരിച്ചടി. ധോനിയുമായുള്ള പതിനൊന്നു വര്‍ഷത്തെ കരാര്‍ പെപ്‌സി അവസാനിപ്പിച്ചു. പകരം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും പരിണീതി ചോപ്രയും പെപ്‌സിയുടെ പുതിയ പരസ്യമുഖങ്ങളാകും.
പെപ്‌സികൊയുടെ മറ്റു ഉത്പന്നങ്ങളായ സെവന്‍ അപ്, മൗണ്ടന്‍ ഡ്യൂ, കുര്‍ക്കുറെ സ്‌നാക്‌സ്, ലെയ്‌സ് ചിപ്പ്‌സ് തുടങ്ങിയവയുടെ പരസ്യങ്ങളിലും കോലിയും രണ്‍ബീറും പരിണീതിയുമാകും ഇനിയെത്തുക. കളിക്കളത്തില്‍ ധോണിയുടെ മോശം ഫോമും വിരാട് കോലിയുടെ താരപ്പകിട്ടുമാണ് പെപ്‌സിയെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
''ഉത്പന്നത്തിന് ഹീറോ പരിവേഷം നല്‍കുന്നതാണ് ഞങ്ങളുടെ പരസ്യങ്ങള്‍. സമൂഹത്തില്‍ ഏറ്റവും ഉന്നത സ്ഥാനത്ത് നില്‍ക്കുന്ന സെലിബ്രിറ്റി തന്നെ പരസ്യത്തിന് വേണം''. ധോനിയുമായി കരാര്‍ അവസാനിപ്പിച്ചെന്ന വാര്‍ത്ത സ്ഥിതീകരിച്ച് പെപ്‌സികോ ബിവറേജസ് വൈസ് പ്രസിഡണ്ട് വിപുല്‍ പ്രകാശ് വ്യക്തമാക്കി.
2005ലാണ് പെപ്‌സി ധോനിയുമായി കരാര്‍ ഒപ്പിട്ടത്. ഇതിനോടകം തന്നെ പെപ്‌സിയുടെ പ്രമുഖ പര്യങ്ങളിലെല്ലാം ധോനി അഭിനയിച്ചിട്ടുണ്ട്. ധോനിയെ കേന്ദ്രീകരിച്ച് ചെയ്ത ഓ യെസ് അഭി' , 'ചെയ്ഞ്ച് ദ ഗെയിം' എന്നീ പെപ്‌സിയുടെ കാമ്പയിനുകൾ വന്‍ തരംഗമായിരുന്നു. പെപ്‌സിക്ക് പുറമെ സോണി ടിവിയും ഡാബറും ധോനിയുമായുള്ള കരാറില്‍ നിന്ന് പിന്‍മാറാനുള്ള ഒരുക്കത്തിലാണ്. ഒരു വര്‍ഷത്തെ കരാറിന് ധോനി ആവശ്യപ്പെടുന്ന എട്ടു കോടി രൂപ അധികമാണെന്നാണ് കമ്പനികളുടെ നിലപാട്.
പരസ്യങ്ങളില്‍ നിന്ന് മാത്രം ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കായിക താരമായിരുന്നു ധോനി. ഫോബ്‌സ് മാഗസിന്റെ കണക്കു പ്രകാരം 181 കോടി രൂപയാണ് ധോനിയുടെ ഒരു വര്‍ഷത്തെ പരസ്യ വരുമാനം.