ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോനി അമ്പയറുടെ കൈയില്‍ നിന്ന് പന്ത് ചോദിച്ചുവാങ്ങുന്ന ചിത്രം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ധോനി വിരമിക്കാന്‍ പോകുകയാണെന്ന അഭ്യൂഹങ്ങളും ഇതിനു പിന്നാലെയെത്തി.

ഇക്കാര്യത്തില്‍ പക്ഷേ ധോനി ഇതുവരെ പ്രതികരിക്കുകയോ വിശദീകരണം നല്‍കുകയോ ചെയ്തിരുന്നില്ല. എന്നാലിപ്പോഴിതാ അന്ന് താന്‍ എന്തിനാണ് പന്ത് ചോദിച്ചുവാങ്ങിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധോനി. 

അടുത്ത വര്‍ഷം ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് താന്‍ അന്ന് ആ പന്ത് ചോദിച്ചുവാങ്ങിയതെന്ന് ധോനി വെളിപ്പെടുത്തി. ഐ.സി.സി ക്രിക്കറ്റ് ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ആയതിനാല്‍ തന്നെ അവിടെ റിവേവ്‌സ് സ്വിങ്ങിന് ഏറെ പ്രാധാന്യമുണ്ട്. ഞങ്ങളുടെ എതിരാളികള്‍ യഥേഷ്ടം റിവേവ്‌സ് സ്വിങ് കണ്ടെത്തുന്നവരാണ്. അതുകൊണ്ട് നമുക്കും കളിയുടെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഇത് ഉപയോഗപ്പെടുത്തേണ്ടതായി വരും. ഇത്തരത്തില്‍ റിവേവ്‌സ് സ്വിങ് കണ്ടെത്താന്‍ എന്തുചെയ്യണമെന്ന് കണ്ടെത്തുന്നതിനു വേണ്ടിയാണ് അമ്പയറുടെ പക്കല്‍ നിന്ന് പന്ത് വാങ്ങിയതെന്ന് ധോനി വ്യക്തമാക്കി.

50 ഓവറുകള്‍ക്കു ശേഷം ആ പന്ത് ഉപയോഗശൂന്യമാണ്. ഇതിനാല്‍ തന്നെ തങ്ങളുടെ ബൗളിങ് കോച്ചിനു നല്‍കാനായി ആ പന്ത് അമ്പയറോട് ചോദിക്കുകയായിരുന്നു. അതുവെച്ച് റിവേവ്‌സ് സ്വിങ് കൂടുതല്‍ പരിശീലിക്കാമെന്നും ധോനി കൂട്ടിച്ചേര്‍ത്തു. 40 ഓവറുകള്‍ക്കു ശേഷം യോര്‍ക്കര്‍ മികച്ച രീതിയിലെറിയാന്‍ തങ്ങളുടെ ബൗളര്‍മാരെ പരിശീലിപ്പിക്കാനും അത് ഉപയോഗിക്കാം. അവസാന പത്ത് ഓവറുകളിലെ റണ്ണൊഴുക്ക് തടയാനും ഇതുകൊണ്ടാകുമെന്നും ധോനി വ്യക്തമാക്കി.

ബൗളിങ് പരിശീലകന്‍ ഭരത് അരുണിന് നല്‍കാനാണ് ധോനി പന്തെടുത്തതെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

Content Highlights: ms dhoni reveals why he took the ball from umpire