-
'ഞാനീ നിമിഷത്തിന്റെ കവിയാണ്, എന്റെ കഥയ്ക്ക് നിമിഷങ്ങളുടെ ആയുസ്സേയുള്ളു....എനിക്ക് മുമ്പും ഒരുപാട് കവികള്‍ വന്നുപോയി... ചിലര്‍ കരഞ്ഞുകൊണ്ടു മടങ്ങി...ചിലര്‍ നല്ല പാട്ടുകള്‍പാടി...അവരും ആ നിമിഷങ്ങളുടെ ഭാഗമായിരുന്നു. ഞാനും ഈ നിമിഷത്തിന്റെ ഭാഗം മാത്രം. നാളെ ഞാനും നിങ്ങളെ വിട്ടുപോകും. നല്ലപാട്ടുകള്‍ പാടാന്‍ എന്നേക്കാള്‍ നല്ലവര്‍ നാളെ വരും. എന്നെ ആരെങ്കിലുമൊക്കെ ഓര്‍ക്കുമോ.. ഈ തിരക്കുപിടിച്ച ജീവിതത്തില്‍ എന്നെ എന്തിനോര്‍ക്കണമല്ലേ... '
കഭി കഭി എന്ന ഹിന്ദി ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ പാടി അഭിനയിക്കുന്നതാണീ വരികള്‍. സാഹിര്‍ ലുധിയാന്‍വി രചിച്ച് മുകേഷിന്റെ ശബ്ദത്തില്‍ നമ്മള്‍ കേട്ട ഗാനം. പക്ഷെ ആ വരികള്‍ക്ക് ഇത്ര ആഴത്തിലുള്ള അര്‍ഥമുണ്ടെന്ന് ധോനി സ്വന്തം ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കാന്‍ തിരഞ്ഞെടുത്തപ്പോള്‍ മാത്രമാണ് തോന്നിയത്. ഇന്ത്യയുടെ നീലനിറമണിഞ്ഞ നാള്‍മുതലുള്ള ചിത്രങ്ങള്‍ ചേര്‍ത്തൊരു വീഡിയോ. റണ്ണൗട്ട് ആയുള്ള തുടക്കത്തില്‍ നിന്ന് റണ്ണൗട്ട് ആയുള്ള മടക്കത്തില്‍ തീരുന്നത്.
A post shared by M S Dhoni (@mahi7781) on
സ്വന്തം ക്രിക്കറ്റ് ജീവിതം ഇത്ര കാവ്യാത്മകമായി ഒരാളും പറഞ്ഞവസാനിപ്പിച്ചിട്ടുണ്ടാകില്ല. എല്ലാം 'ക്ഷണപ്രഭാചഞ്ചലം' മാത്രമെന്ന് പറയാതെ പറഞ്ഞുവയ്ക്കുന്നു മഹേന്ദ്രസിങ് ധോനിയെന്ന മഹാനായ കായികതാരം. സ്‌ക്രീനില്‍ ധോനിയെ അവതരിപ്പിച്ച സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ഉണ്ടാക്കിയ വിവാദങ്ങള്‍ക്കിടയിലാണ് 'കഥാനായകന്റെ' വിരമിക്കലെന്നതും യാദൃച്ഛികമാണോ... അതോ ധോനി ബോധപൂര്‍വം തിരഞ്ഞെടുത്തതാണോ ഈ സമയം തന്നെ.
സത്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പലതും പറയാതെ പറയുകയായിരുന്നു ധോനി. തന്റെ ക്രിക്കറ്റ് ജീവിതം 'റണ്ണൗട്ട്' ആക്കുകയായിരുന്നു ചിലര്‍ എന്ന് പാട്ടിന്റെ വരികള്‍ക്കൊപ്പം ധോനിയുടെ വീഡിയോയിലെ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. ഇതുപോലൊരു വിരമിക്കല്‍ ആയിരുന്നില്ല ആ ക്രിക്കറ്റര്‍ ആഗ്രഹിച്ചിരുന്നത് എന്ന് വ്യക്തം. അല്ലെങ്കിലും ഇതിഹാസ തുല്യമായ ആ ക്രിക്കറ്റ് ജീവിതം ഇങ്ങനെ അവസാനിക്കേണ്ട ഒന്നായിരുന്നോ...

എനിക്ക് മുമ്പും ഒരുപാടുപേര്‍ വന്നുപോയി എന്ന ഭാഗത്ത് സച്ചിന്‍, ദ്രാവിഡ്, കുംബ്ലെ, ലക്ഷ്മണ്‍, സെവാഗ്, യുവരാജ്, ഗംഭീര്‍, സഹീര്‍ഖാന്‍... തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഇഴചേര്‍ത്തിരിക്കുന്നു. വിജയങ്ങള്‍ക്കൊപ്പം ലോകകപ്പില്‍ തോറ്റതിന് തനിക്കെതിരേയുണ്ടായ ജനരോഷം പോലും കൃത്യമായി ധോനി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പാതി തീ വിഴുങ്ങിയ പോസ്റ്ററിലൂടെ. ക്രിക്കറ്റ് ജീവിതം മുള്ളുകള്‍ നിറഞ്ഞ വഴിയായിരുന്നു എന്ന് കൂടി സൂചിപ്പിക്കുന്നു.
'നാളെ പുതിയ പൂക്കള്‍ ചിരിക്കും, പുതിയ പുല്‍നാമ്പുകളില്‍ പുതിയപാദങ്ങള്‍ പതിയും...' എന്നവസാനിക്കുന്നു വരികള്‍.
ഇതിനോട് ചേര്‍ത്ത്‌വയ്ക്കാവുന്ന വരികള്‍ മലയാളത്തിലുണ്ട്.....
ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ.
വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ
സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം.
ഭൗതികലോകത്തിലെ സുഖ-ഭോഗങ്ങളെല്ലാം തന്നെ വളരെ കുറച്ചുസമയത്തേയ്ക്കുമാത്രം ഉണ്ടെന്നപ്രതീതി തരുന്നവയാണ്...... എല്ലാം ഒരു മിന്നല്‍ പോലെ, ക്ഷണമാത്രയില്‍ വന്നുപോകുന്നവയാണു. ചുട്ടുപഴുത്തിരിക്കുന്ന ഇരുമ്പിന്റെ മുകളില്‍ പതിച്ച ഒരു തുള്ളി ജലമെത്രപെട്ടെന്നാണോ അപ്രത്യക്ഷമാകുന്നത് അതുപോലെയാണീ മനുഷ്യജന്മം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..