സ്വാതന്ത്ര്യദിനത്തിൽ ലാസ്റ്റ് ഷോട്ട്; ഗുഡ്‌ബൈ മിസ്റ്റര്‍ കൂള്‍


മനു കുര്യന്‍

പക്ഷേ കളിയില്‍ വിജയമാണ്‌ വലുതെങ്കില്‍ അതിന് ധോനി വേണം. അത് അടയാളപ്പെടുത്തിയ 15 വര്‍ഷങ്ങളാണ് കടന്നുപോയത്‌.

-

ആ മഹേന്ദ്രജാലം ഇനി രാജ്യാന്തര ക്രിക്കറ്റില്‍ ഉണ്ടാവില്ല. ആ ബാറ്റ് വിശ്രമിക്കുമ്പോള്‍ ആശ്വസിക്കുന്ന ബൗളര്‍മാര്‍ എത്ര. വിക്കറ്റിന് പിന്നില്‍ ജാഗ്രത വിടാതെ ഇരയെ പിടിക്കാന്‍ തക്കം പാര്‍ത്തുനിന്ന ഗ്ലൗസുകള്‍ മാത്രമല്ല എതിരാളികള്‍ ഭയന്നത്. ധോനിയുടെ സാന്നിധ്യം, ആ നായകന്റെ തീരുമാനങ്ങള്‍, ബാറ്റ്‌സ്മാന്റെ ശൗര്യം, സ്റ്റമ്പിങ്ങിലെ വേഗത എല്ലാം എതിരാളികളെ സമ്മര്‍ദത്തിലാക്കുന്നവയായിരുന്നു. 2020 ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ സമയം 19:29. അതായത് രാത്രി 7.29. ധോണി മോമന്റായി ചരിത്രത്തിലേക്ക് അദ്ദേഹം ചേര്‍ക്കുന്ന ടൈമിങ്. മഹാരഥന്റെ ലാസ്റ്റ് 'ഷോട്ട്'.

മിന്നല്‍ വേഗമാണ് ധോനിക്ക്. അത് ബാറ്റിങ്ങിലായാലും സ്റ്റമ്പിങ്ങിലായാലും. എന്തിന് കളിക്കളത്തിലെ തീരുമാനങ്ങള്‍ക്ക് പോലും മിന്നല്‍ വേഗമായിരുന്നു. പരാജയം തുറിച്ചുനോക്കിയ എത്ര മത്സരങ്ങളില്‍ അങ്ങനെ ഇന്ത്യ തിരിച്ചുവന്നു. ധോനി കളത്തിലുള്ളപ്പോള്‍ അവസാന പന്ത് വരെ ആരാധകര്‍ പ്രതീക്ഷ കൈവിടില്ല. അത് ഒരു വിശ്വാസമാണ്. ഓര്‍ക്കുക കഴിഞ്ഞ ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരേ കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷം ജഡേജയെ കൂട്ടുപിടിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനം. ഒടുവില്‍ ഗുപ്ടിലിന്റെ ആ ഏറില്‍ മൂന്ന് ഇഞ്ച് അകലെ ധോനി റണ്ണൗട്ടായപ്പോള്‍ ഇന്ത്യ കൈവിട്ടത് മൂന്നാം ലോകകപ്പ് തന്നെയായിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ആ റണ്ണൗട്ടായിരുന്നു ക്രീസിലെ ധോണിയുടെ അവസാന ധോണി നിമിഷം.

ധോനി എന്ന കളിക്കാരനെ അത്രമേല്‍ ക്രിക്കറ്റ്‌പ്രേമികള്‍ സ്‌നേഹിച്ചു. വിശ്വസിച്ചു. അത് ഒരിക്കലും അദ്ദേഹം തെറ്റിച്ചിട്ടില്ല. സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ടുനിര്‍ത്തണം. ധോനിയെന്ന ക്രിക്കറ്ററുടെ തീരുമാനങ്ങള്‍ കണ്ടവര്‍ക്ക് ഈ തീരുമാനം ഞെട്ടലുണ്ടാക്കില്ല. എല്ലാം പെട്ടെന്നായിരിക്കും. ടെസ്റ്റില്‍ നിന്നുള്ള പടിയിറക്കവും ഏതാണ്ട് ഇതേ പോലെയായിരുന്നു.

ലോകകപ്പിന്റെ വിന്നിങ് ഷോട്ട് ഒരു സിക്‌സര്‍. ചങ്കുറപ്പുള്ള നായകന്റെ ചങ്കുറപ്പിന്റെ പ്രതീകമായിരുന്നു ആ ഷോട്ട്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു വിന്നിങ് ഷോട്ട് സിക്‌സറായി അതിന് മുമ്പോ ശേഷമോ ഉണ്ടോ സംശയമാണ്. റിച്ചാര്‍ഡ്‌സിനെ പിടികൂടാന്‍ കപിലിന്റെ ഓട്ടവും ഒടുവില്‍ ആ പന്ത് കപിലിന്റെ കൈകളില്‍ സുരക്ഷിതമായത് കുട്ടിക്കാലത്ത് ബാലപ്രസിദ്ധീകരണത്തില്‍ വായിച്ചാണ കോരിത്തരിച്ചത്.

ഇന്ത്യക്ക് കന്നി ലോകകപ്പ് സമ്മാനിച്ച ക്യാച്ച് ഓഫ് ദ മോമന്റായി കപിലിന്റെ ആ ഓടിയെടുത്ത ക്യാച്ച് വിശേഷിപ്പിക്കപ്പെടുന്നു. പിന്നീട് ഫോളോ ഓണ്‍ ഒഴിവാക്കാന്‍ അവസാന ബാറ്റ്‌സ്മാനായ ഹിര്‍വാണി മാത്രം ക്രീസില്‍ നില്‍ക്കുമ്പോള്‍ കപില്‍ ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായി നാല് സിക്‌സര്‍ പറത്തിയ കാഴ്ച കണ്ടു. ഇന്ത്യന്‍ പ്രതീക്ഷകള്‍ ഫൈനലില്‍ പൊലിഞ്ഞ 2003 ലോകകപ്പില്‍ സച്ചിന്‍ അക്തറിനെ സിക്‌സര്‍ പറത്തിയ കാഴ്ച കണ്ടു. കുട്ടിക്രിക്കറ്റിന്റെ കാലത്ത് യുവരാജ് ബ്രോഡിനെ ഒരോവറിലെ എല്ലാ പന്തും സിക്‌സര്‍ പറത്തി. എങ്കിലും ശ്രീലങ്കയ്‌ക്കെതിരേ ധോനിയുടെ ആ വിന്നിങ് ഷോട്ടിനോളം വരുമോ ഇതൊക്കെ.

dhoni
Photo: Getty Images

2011 ല്‍ വാംഖഡെയില്‍ സച്ചിനും സെവാഗും കപ്പ് നേടിത്തരുന്നത് കാണാന്‍ തടിച്ചുകൂടിയ ആരാധകര്‍. ടെലിവിഷന് മുന്നില്‍ ഇന്ത്യയുടെ ചേസിങ് കണ്ട് തരിച്ചുപോയ നിമിഷങ്ങള്‍. 2003 ആവര്‍ത്തിക്കുന്നുവെന്ന് കരുതിയ സമയത്ത്, സമ്മര്‍ദത്തിന്റെ മൂര്‍ധന്യത്തില്‍ മിസ്റ്റര്‍ കൂളായി ബാറ്റിങ് ഓര്‍ഡറില്‍ സ്വയം മുമ്പോട്ടുകയറി ധോണി വരവ്. കോലി പോയശേഷം ഗംഭീറിനെ കൂട്ടിയുള്ള രക്ഷാപ്രവര്‍ത്തനം. ഒടുവില്‍ തകര്‍ത്താടിയ നിമിഷങ്ങള്‍ 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ ലോകരാജാക്കന്മാരായത്. ഐസിസിയുടെ മൂന്നു ടൂര്‍ണമെന്റുകളിലും കിരീടം ഉയര്‍ത്തിയ ഒരേയൊരു നായകനല്ലേ ധോനി. ചാമ്പ്യന്‍സ് ട്രോഫിയായി മാറിയ പഴയ മിനിലോകകപ്പും ധോനിയുടെ കീഴിലാണ് ഇന്ത്യ നേടിയത്.

പ്രതിരോധത്തിലൂന്നി കളിച്ചിരുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഗിയര്‍ മാറ്റിയത് ആദ്യം കൃഷ്ണമാചാരി ശ്രീകാന്തായിരുന്നു. അതും ഒരു ലോകകപ്പില്‍. പാകതയും പകത്വതയും വന്ന സച്ചിനും ദ്രാവിഡും ഗാംഗുലിയും ഇതിന്റെ രണ്ടിന്റെയും മിശ്രിതമായ കാലഘട്ടമായിരുന്നു. ഓഫ് സ്പിന്‍ ബൗളറായി വന്ന വെടിക്കെട്ട് ബാറ്റ്‌സ്മാനായി കത്തിക്കയറിയ സെവാഗിന്റെ വിശ്വരൂപമായിരുന്നു ധോനി. സിക്‌സര്‍ അടിച്ച് സെഞ്ച്വറി അടിക്കുന്ന സെവാഗിന്റെ ധൈര്യം 100 സെഞ്ച്വറി തികച്ച സച്ചിന് പോലുമുണ്ടായില്ല.

ബൗള്‍ ചെയ്തില്ലെങ്കിലും എല്ലാം തികഞ്ഞ ഓള്‍റൗണ്ടറായിരുന്നു ധോനി. ജോഗീന്ദര്‍ ശര്‍മ്മ എന്ന ക്രിക്കറ്ററെ ഇന്ത്യന്‍ ക്രിക്കറ്റ്‌ അറിയുന്നത് ധോനിയുടെ ഒറ്റ തീരുമാനം കൊണ്ടാണ്. 2007 ട്വിന്റി 20 ലോകകപ്പിന്റെ ഫൈനലില്‍ ആ അവസാന ഓവര്‍ ജൊഗീന്ദര്‍ എറിയുമെന്ന് ഒരുപക്ഷേ കണക്കുകൂട്ടിയത് ധോനി മാത്രമാകും. റിസ്‌കെടുക്കുക അതൊരു ധൈര്യമാണ്. അത് എല്ലാവര്‍ക്കും പറ്റുന്നതല്ല. എന്റെ തീരുമാനങ്ങള്‍ എന്റെ മാത്രം തീരുമാനങ്ങളാണ് എന്ന് അടയാളപ്പെടുത്താന്‍ ഒരു ഭയവുമില്ലാത്ത നായകന്‍. ഫീല്‍ഡിങ് മികവില്ല, അല്ലെങ്കില്‍ ഫീല്‍ഡിങ് മികവുകൊണ്ട് മാത്രം ടീമിലിടമില്ല എന്ന് ധോനി പറയാതെ പറഞ്ഞില്ലേ.

വീരോചിത വിരമിക്കല്‍ ആഗ്രഹിക്കാത്ത കളിക്കാരില്ല. അവസാന ഇന്നിങ്‌സ് സെഞ്ച്വറിയിലോ അഞ്ച് വിക്കറ്റ് പ്രകടനത്തിലോ അവസാനിപ്പിക്കാനാണ് എല്ലാ താരങ്ങളും ആഗ്രഹിക്കുക. ചിലരുടെ ശരിയാകും ചിലരുടെ ശരിയാകില്ല. എന്റേത് ശരിയായി എന്ന് ധോനിക്ക് പറയാകാനും. ആ കരിയര്‍ പരിശോധിച്ചാല്‍ വ്യക്തിഗത മികവിലല്ല അതെന്ന് മാത്രം. സമ്മാനിച്ച രണ്ട് ലോകകപ്പുകളും അത് അടയാളപ്പെടുത്തും. തീരുമാനങ്ങളായിരുന്നു ധോണിയുടെ വിജയശില്‍പി. അതാണ് ഈ വിരമിക്കല്‍ തീരുമാനത്തിലും വായിച്ചെടുക്കാനാകുക.

ദ്രാവിഡിന്റെ കോപ്പിബുക്ക് ശൈലിയോ സച്ചിന്റെ ബാറ്റിങ് തികവോ ഗാംഗുലിയുടെ കവർ ഷോട്ടോ പൂര്‍ണതയിലെത്തിക്കാത്ത വിജയകിരീടങ്ങള്‍ നേടിത്തരാന്‍ ധോനിക്ക് കഴിഞ്ഞത് തീരുമാനങ്ങളുടെ തികവും ചങ്കുറപ്പിലുമാണ്. ധോണിയുടെ ബാറ്റിങ് ശൈലിയെ ക്ലാസ് എന്ന് ആരും വിശേഷിപ്പിക്കാറില്ല. മനോഹരമായ ബാറ്റിങ് ശൈലിക്ക് ചിലപ്പോള്‍ വിജയങ്ങള്‍ സമ്മാനിക്കാന്‍ കഴിയണമെന്നില്ല.

പക്ഷേ കളിയില്‍ വിജയമാണോ നിങ്ങള്‍ക്ക് വലുതെങ്കില്‍ അതിന് ധോണി വേണം. അത് അടയാളപ്പെടുത്തിയ 15 വര്‍ഷങ്ങളാണ് കടന്നുപോയത്‌. ഗുഡ്‌ബൈ മിസ്റ്റര്‍ കൂള്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented