ദുബായ്: ടിട്വന്റി അവസാനിപ്പിച്ച് യുവതാരങ്ങള്‍ക്ക് വഴിമാറികൊടുക്കണമെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എം.എസ് ധോനി. ജീവിതത്തോട് ഓരോരുത്തര്‍ക്കും ഓരോ കാഴ്ച്ചപ്പാടുണ്ടെന്നും താന്‍ അതിനെ ബഹുമാനിക്കുന്നുവെന്നും ധോനി ഖലീജ് ടൈംസിന് നില്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇന്ത്യയെ പ്രതിനിധീകരിക്കുന്നു എന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമെന്നും ധോനി അഭിമുഖത്തില്‍ പറയുന്നു.

'70 വര്‍ഷമൊക്കെ നീണ്ടു നില്‍ക്കുന്ന ജീവിതത്തില്‍ പതിനഞ്ചോ ഇരുപതോ വര്‍ഷം മാത്രം ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നത് ചെറിയ കാര്യമാണ്. കാരണം ജീവിതത്തിലെ കുറച്ച് വര്‍ഷങ്ങളേ നമ്മള്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നുള്ളു. പക്ഷേ ആ കുറച്ച് വര്‍ഷങ്ങള്‍ വിലപ്പെട്ടതാണ്. ഞാന്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നു എന്നു അഭിമാനത്തോടെ പറയുന്ന വര്‍ഷങ്ങള്‍'-ധോനി പറയുന്നു. 

ദൈവാനുഗ്രഹം കുറവായിട്ടും സ്വന്തം പ്രയത്‌നം കൊണ്ട് മുന്നോട്ടു പോയ കളിക്കാരുണ്ടെന്നും ഒളിഞ്ഞു കിടക്കുന്ന പ്രതിഭകളെ കണ്ടെത്തേണ്ടെന്ന് പരിശീലകന്റെ ഉത്തരവാദിത്തമാണെന്നും ധോനി കൂട്ടിച്ചേര്‍ത്തു. റിസള്‍ട്ട് പോലെ പ്രധാനമാണ് അതിലേക്കുള്ള വഴി. ഞാന്‍ എന്നും ആലോചിച്ചിട്ടുള്ളത് അതിനെക്കുറിച്ചാണ്‌.ചില നിമിഷങ്ങളില്‍ അപ്പോള്‍ ശരിയാണെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ മടി കാണിക്കാറില്ല. ഒരു കളിക്കാരനെ മികച്ചവനാക്കുന്നതില്‍ പരിശീലകന് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ധോനി പറയുന്നു. 

തന്റെ ക്രിക്കറ്റ് അക്കാദമിയായ ഗ്ലോബല്‍ ക്രിക്കറ്റ് അക്കാദമിയുടെ ഉദ്ഘാടനച്ചടങ്ങിനായി ദുബായില്‍ എത്തിയതായിരുന്നു ധോനി. പരിശീലകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ ധോണി തന്നെയായിരുന്നു അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പസഫിക് സ്പോര്‍ട്സ് ക്ലബ്ബിനോടും ആര്‍കാ സ്പോര്‍ട്സ് ക്ലബ്ബിനോടും ചേര്‍ന്നാണ് ധോണിയുടെ പുതിയ സംരംഭം.