Photo: AFP
ന്യൂഡല്‍ഹി: ഒക്ടോബര്‍ 17-ന് ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ എല്ലാവരുടെയും ശ്രദ്ധ വീണ്ടും എം.എസ് ധോനിയില്‍ പതിയുകയാണ്.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായി ബി.സി.സി.ഐ തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യയ്ക്ക് പ്രഥമ ട്വന്റി 20 ലോകകപ്പ് നേടിത്തന്ന മുന്‍ ക്യാപ്റ്റനെയാണ്.
ഐ.പി.എല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ യു.എ.ഇയില്‍ പൂര്‍ത്തിയായ ശേഷം ധോനി ഇന്ത്യന്‍ ടീമിനൊപ്പം ചേരും.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫെന്ന നിലയില്‍ ധോനിയുടെ ആദ്യ ചുവടുവെയ്പ്പാണിത്.
2007-ലെ ട്വന്റി 20 ലോകകപ്പും, 2011-ലെ ഏകദിന ലോകകപ്പും 2013-ലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയ്ക്ക് നേടിത്തന്ന ധോനിക്ക് മറ്റൊരു കിരീട വിജയത്തിന് ടീമിനെ സഹായിക്കാനാകുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.
മാത്രമല്ല മികച്ച ക്രിക്കറ്റ് ബ്രെയ്നാണ് ധോനി. ആ തന്ത്രങ്ങളും മറ്റും കോലിയുടെ ടീമിന് സഹായകമാകുമെന്നും ബിസിസിഐ വിശ്വസിക്കുന്നു.
ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ ഒമാനിലും യു.എ.ഇയിലുമായിട്ടാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
വിരാട് കോലി നയിക്കുന്ന ടീമില്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഇഷാന് കിഷന്, ഹാര്‍ദിക് പാണ്ഡ്യ, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, രാഹുല്‍ ചാഹര്‍, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ ഇടം നേടി.
Content Highlights: MS Dhoni named mentor of team India for T20 World Cup 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..