കാന്‍ഡി: ലോകത്ത് ഇന്നുള്ളതില്‍ വെച്ച് ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായാണ് എം.എസ് ധോനിയെ വിലയിരുത്തുന്നത്. ഏറ്റവും കൂടുതല്‍ ബാറ്റ്‌സ്മാന്‍മാരെ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കിയവരില്‍ ധോനി  നാലാം സ്ഥാനത്തുമുണ്ട്. 

എന്നാല്‍ ഞായറാഴ്ച ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ധോനി ഒരു മണ്ടത്തരം കാണിച്ചു. ലങ്കന്‍ ബാറ്റ്‌സ്മാന്‍ ദിനേശ് ഛണ്ഡിമലിനെ റണ്‍ഔട്ടാക്കാനുള്ള സുവര്‍ണാവസരമാണ് ധോനി കളഞ്ഞത്.

99 സ്റ്റമ്പിങ്ങും 278 ക്യാച്ചുമടക്കം 377 പേരെ ധോനി പുറത്താക്കിയിട്ടുണ്ട്. പക്ഷേ ആ പരിചയസമ്പത്ത് ധോനിയെ തുണച്ചില്ല. ലങ്കയുടെ ഇന്നിങ്‌സിന്റെ 25-ാം ഓവറിലായിരുന്നു സംഭവം.

അക്‌സര്‍ പട്ടേലിന്റെ പന്തില്‍ കെ.എല്‍ രാഹുല്‍ എറിഞ്ഞുകൊടുത്ത പന്ത് ധോനിക്ക് വളരെ അനായാസം സ്റ്റമ്പില്‍ കൊള്ളിക്കാമായിരുന്നു. ഓടി വരുന്ന ഛണ്ഡിമല്‍ എത്രയോ അകലെയായിരുന്നു. എന്നാല്‍ ധോനിയുടെ ഗ്ലൗസിനുള്ളിലൂടെ പന്ത് ചോര്‍ന്നുപോയി. അപ്പോഴേക്കും ഛണ്ഡിമല്‍ ക്രീസിലെത്തുകയും ചെയ്തു.