ഇന്‍ഡോര്‍: ആദ്യ ഏകദിനത്തിലെ തോല്‍വിയില്‍ സ്വയം പഴിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിങ് ധോനി. അവസാന പത്തോവറുകളില്‍ താനടക്കമുള്ള ബാറ്റ്‌സ്മാന്മാര്‍ക്ക് കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയാതിരുന്നതാണ് പരാജയകാരണം. ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.

അവസാന ഓവറുകളില്‍ വന്‍ഷോട്ടുകള്‍ കളിക്കണമെന്ന് പറയുന്നില്ല. എന്നാല്‍ കൂടുതല്‍ റണ്‍സ് നേടാന്‍ കഴിയണം. ബാറ്റിങ് ഓര്‍ഡര്‍ താഴോട്ടിറങ്ങി കളിക്കുമ്പോള്‍ വിമര്‍ശനമേല്‍ക്കേണ്ടിവരുന്നത് സ്വാഭാവികമാണ്. ഒരുപാടുതവണ കളി ജയിപ്പിച്ചാലും ഒരുതവണ വിജയിപ്പിക്കാന്‍ കഴിയാത്ത കളിയാകും നമ്മുടെ പേരിലുണ്ടാകുന്നതെന്ന് ആദ്യ ഏകദിനത്തിലെ തന്റെ ബാറ്റിങ് പരാജയത്തെ സൂചിപ്പിച്ച് ധോനി പറഞ്ഞു.
 
ബൗളിങ്ങിലും ബാറ്റിങ്ങിലും ആദ്യ 35 ഓവര്‍ വരെ ടീം നന്നായി കളിച്ചു. പേസ് ബൗളര്‍മാരില്‍നിന്ന് റിവേഴ്‌സ് സ്വിങ് ഉണ്ടാകാത്തതില്‍ നിരാശയുണ്ട്. നന്നായി യോര്‍ക്കറുകള്‍ ഏറിഞ്ഞ് റണ്‍സ് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും ധോനി പറഞ്ഞു.