Photo: www.twitter.com
ചെന്നൈ: മുന്‍ ഇന്ത്യന്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നായകനുമായ മഹേന്ദ്ര സിങ് ധോനിയെ പുകഴ്ത്തി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ദീപക് ചാഹര്‍. ട്വന്റി 20 പവര്‍ പ്ലേയില്‍ നന്നായി പന്തെറിയുന്നതിന് കാരണം ധോനി നല്കിയ നിര്‍ദേശങ്ങളാണെന്ന് ദീപക് വെളിപ്പെടുത്തി.
' എന്റെ ഏറ്റവും വലിയ ആഗ്രഹം ധോനിയുടെ കീഴില്‍ കളിക്കുക എന്നതായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഭാഗമായതോടെ എന്റെ ആഗ്രഹം പൂവണിഞ്ഞു. അദ്ദേഹത്തിന്റെ കീഴില്‍ എനിക്ക് കുറേയധികം കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ഉത്തരവാദിത്വങ്ങള്‍ എങ്ങനെ ഏറ്റെടുക്കണമെന്ന് അദ്ദേഹം എനിക്ക് പറഞ്ഞുതന്നു. ബാറ്റിങ് പവര്‍പ്ലേയില്‍ മൂന്ന് ഓവര്‍ എറിയുന്ന ടീമിലെ ഏക വ്യക്തി ഞാനാണ്. ധോനിയാണ് എനിക്ക് അതിനുള്ള ശക്തി പകര്‍ന്നത്. അദ്ദേഹമാണ് എന്നെ മികച്ച പവര്‍പ്ലേ ബൗളറാക്കി മാറ്റിയത്'-ചാഹര്‍ പറഞ്ഞു
2018-ലാണ് ദീപക് ചാഹര്‍ ചെന്നൈ സൂപ്പര്‍ കിങ്സിലെത്തുന്നത്. വെറും മൂന്നുവര്‍ഷങ്ങള്‍ കൊണ്ട് ടീമിന്റെ പ്രധാന ബൗളറായി മാറാന്‍ താരത്തിന് സാധിച്ചു. അതിനിടെ അഫ്ഗാനിസ്താനെതിരേ കളിച്ചുകൊണ്ട് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറാനും ചാഹറിന് കഴിഞ്ഞു.
ബൗളര്‍മാരെ സംബന്ധിച്ചിടത്തോളം ട്വന്റി 20 യിലെ ബാറ്റിങ് പവര്‍പ്ലേയില്‍ നന്നായി പന്തെറിയുക എന്നത് ശ്രമകരമായ കാര്യമാണ്. എന്നാല്‍ ദീപക് ചാഹറിന്റെ സ്വിങ്ങുള്ള പന്തുകള്‍ ബാറ്റ്സ്മാന്മാരെ വെള്ളം കുടിപ്പിക്കാറുണ്ട്. 2020 ഐ.പി.എല്ലില്‍ ആദ്യ ആറോവറിനുള്ളില്‍ ഏറ്റവുമധികം വിക്കറ്റെടുത്തത് ചാഹറായിരുന്നു.
നിലവില്‍ ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ചാഹര്‍ ഇടം നേടിയിട്ടുണ്ട്. നിലവില്‍ ട്വന്റി 20 യിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ചാഹറിന്റെതാണ്. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരേ 3.2 ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വിട്ടുനല്‍കി ആറ് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. മെന്‍ഡിസിന്റെ റെക്കോഡ് മറികടന്നാണ് ചാഹര്‍ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.
Content Highlights: MS Dhoni made me a powerplay bowler, taught me how to take responsibility says Deepak Chahar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..