മുംബൈ: എം.എസ് ധോനിക്ക് നിരാശ മാത്രമാണ് ഇംഗ്ലീഷ് ലോകകപ്പ് സമ്മാനിച്ചത്. കിരീടവുമായി വിരമിക്കാമെന്ന പ്രതീക്ഷയില്‍ ലണ്ടനിലേക്ക് വിമാനം കയറിയ ധോനിക്ക് പക്ഷേ ടീമിനെ ഒരു ഘട്ടത്തിലും രക്ഷിക്കാനായില്ല. സെമിയില്‍ ന്യൂസീലൻഡിനോട് തോറ്റ് ഇന്ത്യ പുറത്തായതോടെ ധോനിയുടെ സ്വപ്‌നവും അവസാനിച്ചു. ഇതിന് പിന്നാലെ ധോനി ക്രിക്കറ്റ് അവസാനിപ്പിക്കാനുള്ള സമയമായെന്ന മുറവിളിയും തുടങ്ങി. പഴയ പോലെ കളിക്കാന്‍ ക്യാപ്റ്റന്‍ കൂളിന് കഴിയുന്നില്ലെന്നും പ്രായം ബാധിച്ചിട്ടുണ്ടെന്നുമാണ് ക്രിക്കറ്റ് ആരാധകരുടെ വിലയിരുത്തല്‍. പലപ്പോഴും ഷോട്ടുകള്‍ അടിക്കാനാകാതെ വളരെ പതുക്കെയായിരുന്നു ധോനിയുടെ ബാറ്റിങ്.

ഇതിന് പിന്നാലെ ധോനിയെക്കുറിച്ചുള്ള ഒരു നിര്‍ണായക വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇന്ത്യയുടെ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദുമായി ധോനി കൂടിക്കാഴ്ച്ച നടത്തിയതായി ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ധോനി സ്വയം വിരമിക്കാന്‍ തയ്യാറാണകണമെന്നും അദ്ദേഹത്ത ഇനി പതിവുപോലെ ടീമിലേക്ക് പരിഗണിക്കാനിടയില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ധോനി വിരമിക്കലിനെ കുറിച്ച് ഒന്നും സംസാരിക്കാത്തത് ബി.സി.സി.ഐയെ അദ്ഭുതപ്പെടുത്തുന്നുവെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

'ഋഷഭ് പന്തിനെപ്പോലെയുള്ള താരങ്ങള്‍ അവസരം കാത്തിരിക്കുകയാണ്. ഇനി പഴയതുപോലെ കളിക്കാന്‍ ധോനിക്ക് കഴിയില്ല. അതു നമ്മള്‍ ലോകകപ്പില്‍ കണ്ടതാണ്. ആറ്, ഏഴ് നമ്പറുകളില്‍ ബാറ്റ് ചെയ്തിട്ടും റണ്‍റേറ്റ് ഉയര്‍ത്താനാകുന്നില്ല. പേസ് ബൗളിങ്ങിനെ നേരിടാന്‍ അദ്ദേഹം കഷ്ടപ്പെടുകയാണ്. ഇത് ടീമിനെ ബാധിക്കുന്നു.' ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

അടുത്ത മാസം ആരംഭിക്കുന്ന വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ധോനിയെ ഉള്‍പ്പെടുത്താനുള്ള സാധ്യതവളരെ കുറവാണ്. 2020 ട്വന്റി-20 ലോകകപ്പിലും ഇതു തന്നെയാകും അവസ്ഥ. മുന്‍കാല പ്രകടനങ്ങളുടെ പേരിലോ മുതിര്‍ന്ന താരമെന്ന പരിഗണനയിലോ ധോനിയെ ഇനിയും ടീമില്‍ നിലനിര്‍ത്തുമെന്ന് കരുതുന്നില്ലെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുന്‍ താരത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കോലിയുടെ ക്യാപ്റ്റന്‍സിയും ചോദ്യം ചെയ്യേണ്ട സമയമായിട്ടുണ്ടെന്നും ഇക്കാര്യവും ബി.സി.സി.ഐ പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

നേരത്ത ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. മുന്‍താരങ്ങളെ ടീമില്‍ നിന്ന് നീക്കേണ്ട സമയത്തെ കുറിച്ച് കൃത്യമായ ധാരണയുള്ളവാണ് ഓസീസ് ക്രിക്കറ്റ് ബോര്‍ഡെന്നും എന്നാല്‍ ഉപഭൂഖണ്ഡങ്ങളിലുള്ളവര്‍ ക്രിക്കറ്റ് താരങ്ങളെ ദൈവങ്ങളെപ്പോലെയും ഇതിഹാസങ്ങളെപ്പോലെയും കാണുന്ന സാഹചര്യത്തില്‍ അത്തരമൊരു നിലപാട് ബുദ്ധിമുട്ടുണാന്നും ആയിരുന്നു സ്റ്റീവ് വോ പറഞ്ഞത്.

Content Highlights: MS Dhoni Likely To Be Axed If He Doesn’t Retire Before West Indies Series