മുംബൈ: ഇന്ത്യന്‍ ടീമിന്റെ നായകനായി എം.എസ് ധോനിയെ ഒരിക്കല്‍ കൂടി കാണാന്‍ അഗ്രഹമുള്ളവര്‍ക്ക് സന്തോഷിക്കാന്‍ ഒരു വാര്‍ത്തയുണ്ട്. ധോനി ഒരു മത്സരത്തില്‍ കൂടി ഇന്ത്യയുടെ ക്യാപ്റ്റനാകും എന്നതാണ് ആ വാര്‍ത്ത. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിലാകും ധോനി ഇന്ത്യന്‍ ടീമിനെ നയിക്കുക.
രണ്ട് സന്നാഹ മത്സരങ്ങളാണ് ഇംഗ്ലണ്ട് ഇലവനെതിരെ ഇന്ത്യ എ ടീം കളിക്കുക. മുംബൈയില്‍ ജനുവരി പത്തിനും പന്ത്രണ്ടിനുമാണ് സന്നാഹ മത്സരം നടക്കുക. ഇതില്‍ ഒരു മത്സരത്തില്‍ ധോനി ഇന്ത്യയുടെ നായകനാകും. രണ്ടാം മത്സരത്തില്‍ അജിങ്ക്യെ രഹാനെയുടെ നേതൃത്വത്തിലായിരിക്കും ഇന്ത്യ ഇറങ്ങുക.
എം.എസ് ധോനിയെ ഇന്ത്യ എ ടീമിന്റെ നായകാനായി തെരഞ്ഞെടുത്തത് അദ്ദേഹത്തിന് യുവതാരങ്ങള്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കാനും അറിവ് പകര്‍ന്നു കൊടുക്കാനുമുള്ള കഴിവുള്ളത് കൊണ്ടാണെന്ന് ചിഫ് സെലക്ടറായ എം.എസ്.കെ പ്രസാദ് ടീം പ്രഖ്യാപിക്കവെ വ്യക്തമാക്കിയിരുന്നു. നായകത്വത്തില്‍ നിന്നും പടിയിറങ്ങിയോ എന്നതിലല്ല, ധോനി ജന്മനാ നായക പാടവമുള്ള താരമാണെന്നും പ്രസാദ് സൂചിപ്പിച്ചിരുന്നു.
ജാര്‍ഖണ്ഡിന്റെ രഞ്ജി മത്സരത്തിനിടെ ധോനിയുമായി സംസാരിച്ചിരുന്നു. മത്സരത്തിലുടനീളം ടീമിന് ഒരു ഗുരുവിനെ പോലെ ധോനി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും അവസാന നിമിഷം അപ്രതീക്ഷിതമായി തന്നേയും ബിസിസിഐയേയും വിരമിക്കല്‍ തീരുമാനം അറിയിക്കുകയായിരുന്നുവെന്നും പ്രസാദ് വ്യക്തമാക്കി. ഇന്ത്യക്ക് ഏകദിന, ടിട്വന്റി കിരീടങ്ങള്‍ നേടിക്കൊടുത്ത ക്യാപ്റ്റനായ ധോനി ഒമ്പത് വര്‍ഷമാണ് ഇന്ത്യന്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്.