എം.എസ്.ധോനിയുടെ വിരമിക്കലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് അറുതിയാകുന്നില്ല. ധോനി മാത്രം ഒന്നും പറയുന്നില്ല. അഭിപ്രായ പ്രകടനങ്ങളുമായി മറ്റുള്ളവര്‍ സജീവമാണ് ഇപ്പോഴും. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. എപ്പോള്‍ വിരമിക്കണം എന്നത് ധോനിയുടെ മാത്രം തീരുമാനമാണ്. ഇത്തരം സുപ്രധാനമായ വിഷയങ്ങളില്‍ എന്ത് തീരുമാനം എടുക്കണം എന്ന് അദ്ദേഹത്തിന് അറിയാം. ഇന്ത്യ ടി.വിയിലെ രജത് ശര്‍മയുടെ ആപ് കി അദാലത്തില്‍ ധവാന്‍ പറഞ്ഞു.

കളിക്കാരുടെ കഴിവ് വിനിയോഗിക്കുന്നതില്‍ ധോനിയെ പോലെ കഴിവ് തെളിയിച്ച മറ്റൊരാളില്ല. അതൊരു നായകന്റെ ഏറ്റവും വലിയ ഗുണമാണ്. എല്ലാ കളിക്കാരുടെയും കഴിവിനെക്കുറിച്ച് നല്ല ധാരണയുണ്ട്. ഒരു കളിക്കാരനെ എത്രകണ്ട് പിന്തുണയ്ക്കണം എന്നതിനെക്കുറിച്ചും ധാരണയുണ്ട്. ഒരു കളിക്കാരനെ എങ്ങനെയൊരു ജേതാവാക്കി മാറ്റാം എന്നറിയാം. അദ്ദേഹത്തിന്റെ നായകത്വത്തില്‍ ഇന്ത്യ നേടിയ വിജയങ്ങള്‍ തന്നെ അതിന് സാക്ഷ്യം. ഇത്തരം കാര്യങ്ങളിലെ നിയന്ത്രണം തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണം. ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലി അടക്കമുള്ള താരങ്ങള്‍ക്ക് അദ്ദേഹത്തെ വലിയ ആദരമാണ്.

കോലി യുവതാരമായിരുന്ന കാലത്ത് വലിയ പിന്തുണയാണ് ധോനി നല്‍കിയിരുന്നത്. കോലി ക്യാപ്റ്റനായപ്പോഴും ധോനി വലിയ പിന്തുണ നല്‍കി. അതൊരു നായകന്റെ ഗുണമാണ്. ഇതിനുള്ള ഉപകാരസ്മരണയാണ് കോലി കാണിക്കുന്നത്-ധവാന്‍ പറഞ്ഞു.

Content Highlights: MS Dhoni, Retirement, Shikhar Dhawan, Virat Kohli, Cricket