തിരുവനന്തപുരം: ഇന്ത്യ-വിൻഡീസ് ഏകിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിന് വ്യാഴാഴ്ച തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയാവുകയാണ്.
മത്സരത്തിനു മുന്‍പുതന്നെ ഇവിടത്തെ ധോനിയുടെ ആരാധകര്‍ ആവേശത്തിലാണ്. കാരണം വ്യാഴാഴ്ച കാര്യവട്ടത്ത് ഒരു റണ്‍ കൂടി നേടിയാല്‍ ധോനി ഇടം പിടിക്കുക റെക്കോഡ് ബുക്കിലാണ്. ഇന്ത്യയ്ക്കുവേണ്ടി ഏകദിനത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ താരമാകാന്‍ ധോനിക്ക് ഒരു റണ്‍ കൂടി മതി. അഞ്ചാം ഏകദിന മത്സരത്തിനിറങ്ങുമ്പോള്‍ ധോനി ആരാധകര്‍ കാത്തിരിക്കുന്നതും ഈ ചരിത്രനിമിഷത്തിനാകും.
നിലവില്‍ 281 ഇന്നിങ്‌സുകളില്‍ നിന്നായി ധോനിയുടെ അക്കൗണ്ടില്‍ 10,173 റണ്‍സുണ്ട്. എന്നാല്‍ ഇതില്‍ 174 റണ്‍സ് 2007-ല്‍ ആഫ്രിക്കന്‍ ഇലവനെതിരായ മത്സരത്തില്‍ ഏഷ്യന്‍ ഇലവനായി കളിക്കുമ്പോള്‍ നേടിയതാണ്. മൂന്നു മത്സരങ്ങള്‍ അടങ്ങിയതായിരുന്നു ആ പരമ്പര.
നിലവില്‍ ഇന്ത്യയ്ക്കായി 278 ഇന്നിങ്‌സുകളില്‍ നിന്ന് 9,999 റണ്‍സാണ് ധോനിയുടെ അക്കൗണ്ടിലുള്ളത്. ബാറ്റിങ് ഓര്‍ഡറില്‍ താഴെ ഇറങ്ങി 10,000 തികയ്ക്കുന്ന താരമാകാനും ധോനിക്കാകും. പാകിസ്താന്റെ ഇന്‍സമാം ഉള്‍ ഹഖ് ബാറ്റിങ് ഓര്‍ഡറില്‍ താഴെ ഇറങ്ങി 10,000 റണ്‍സ് തികച്ചിട്ടുണ്ടെങ്കിലും 62 ശതമാനം മത്സരങ്ങളില്‍ അദ്ദേഹം ടോപ്പ് ഓര്‍ഡറില്‍ ഇറങ്ങിയിരുന്നു.
ഇനി ധോനിയുടെ കാര്യം വ്യത്യസ്തമാകുന്നത് എങ്ങിനെയെന്നു നോക്കാം. 281 ഇന്നിങ്‌സുകള്‍ കളിച്ചതില്‍ 47 എണ്ണത്തില്‍ മാത്രമാണ് ധോനി ടോപ്പ് ഓര്‍ഡറില്‍ ബാറ്റിങ്ങിന് ഇറങ്ങിയിട്ടുള്ളത്. അതായത് 83 ശതമാനം മത്സരങ്ങളിലും ധോനി ബാറ്റ് ചെയ്തത് അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ആണ്.
Content Highlights: ms dhoni just one run away from reaching a sensational milestone