ന്യൂഡൽഹി: അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോനിക്ക് പ്രശംസയുമായി മുൻ ഇന്ത്യൻ താരവും ഐ.സി.സി മാച്ച് റഫറിയുമായ ജവഗൽ ശ്രീനാഥ്.
ധോനിയെ ക്രിക്കറ്റിലെ 'യോഗി' എന്നു വിശേഷിപ്പിച്ച ശ്രീനാഥ് ഒരു യോഗിക്ക് മാത്രമേ ധോനിയെ പോലൊരു ക്രിക്കറ്റ് താരമാകാൻ സാധിക്കൂ എന്നും കൂട്ടിച്ചേർത്തു.
ഇന്ത്യൻ താരം ആർ. അശ്വിന്റെ ഡി.ആർ.എസ് വിത്ത് ആഷ് എന്ന യൂട്യൂബ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീനാഥ്.
''ക്രിക്കറ്റിലെ യോഗിയാണ് എം.എസ് ധോനി. കളിയെ മനസിലാക്കുന്ന രീതിയാണെങ്കിലും മത്സര ഫലം നോക്കാതെ കളിക്കുന്ന രീതിയാണെങ്കിലുമെല്ലാം. ഓരോ കിരീട വിജയങ്ങളിലും അദ്ദേഹം സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന രീതിയാണെങ്കിലുമെല്ലാം. ഓരോ വിജയത്തിലും ഏറ്റവും വിലമതിക്കുന്ന കപ്പ് അദ്ദേഹം മറ്റൊരാൾക്ക് കൈമാറി നടന്നുനീങ്ങാറാണ് പതിവ്.'' - ശ്രീനാഥ് പറഞ്ഞു.
ധോനിയെ ആദ്യമായി കണ്ടുമുട്ടിയ സംഭവത്തെ കുറിച്ചും ശ്രീനാഥ് പറഞ്ഞു. ''ഞാൻ വിരമിച്ച് കഴിഞ്ഞ് 2003-ൽ കെനിയയിൽ വെച്ചാണ് ധോനിയെ ആദ്യമായി കാണുന്നത്. ഇന്ത്യ എ, പാകിസ്താൻ എ, കെനിയ ടീമുകളടങ്ങിയ ത്രിരാഷ്ട്ര പരമ്പരയായിരുന്നു അത്. മൂന്ന് ലീഗ് മത്സരങ്ങളിലും ഫൈനലിലും ധോനി ഒറ്റയ്ക്കാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. സ്പിന്നർമാരെയും ഫാസ്റ്റ് ബൗളർമാരെയും സ്കൂൾ ക്രിക്കറ്റിൽ കളിക്കുന്ന പോലെയാണ് ധോനി നേരിട്ടിരുന്നത്.'' - ശ്രീനാഥ് കൂട്ടിച്ചേർത്തു.
അന്ന് വളരെ ആവേശഭരിതനായ താൻ ഡ്രസ്സിങ് റൂമിലേക്ക് ഓടിച്ചെന്ന് ധോനിയോട് നിങ്ങളുടെ വലിയ ആരാധകനാണെന്ന് പറഞ്ഞുവെന്നും ശ്രീനാഥ് കൂട്ടിച്ചേർത്തു.
Content Highlights: MS Dhoni is yogi of cricket says Javagal Srinath