ന്യൂഡല്‍ഹി: എം.എസ് ധോനി തന്നെയാണ് ഇപ്പോഴും നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറും ഫിനിഷറുമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ്.

ധോനിയെ ടീമില്‍ ഉള്‍ക്കൊള്ളിക്കുന്നതിനായി സെലക്ടര്‍മാര്‍ ടീമിന്റെ മധ്യനിരയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

''നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഇന്നും ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറും ഫിനിഷറും ധോനിയാണെന്ന് എനിക്ക് ഉറപ്പായും പറയാന്‍ സാധിക്കും. മറ്റ് യുവതാരങ്ങളെല്ലാം വളര്‍ന്നുവരുന്നതേയുള്ളൂ. ഇക്കഴിഞ്ഞ ലോകകപ്പില്‍ ബാറ്റ്‌സ്മാനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ടീമിന്റെ വലിയ കരുത്ത് എം.എസ് ആയിരുന്നു. ടീമുമായി തന്റെ അനുഭവസമ്പത്ത് പങ്കുവെയ്ക്കുന്നതിനൊപ്പം ഫീല്ഡില്‍ തീരുമാനമെടുക്കുന്നതിലും അദ്ദേഹം സഹായിച്ചിരുന്നു'', എം.എസ്.കെ പ്രസാദ് പറഞ്ഞു.

ലോകകപ്പില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 45.50 റണ്‍സ് ശരാശരിയില്‍ 273 റണ്‍സായിരുന്നു ധോനിയുടെ സമ്പാദ്യം. എന്നാല്‍ പല മത്സരങ്ങളിലും മധ്യനിരയില്‍ അദ്ദേഹത്തിന്റെ മെല്ലെപ്പോക്ക് ബാറ്റിങ് വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. എന്നാല്‍ ന്യൂസീലന്‍ഡിനെതിരായ സെമിയില്‍ ആറിന് 92 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ 208 വരെയെത്തിച്ചത് ധോനിയും രവീന്ദ്ര ജഡേജയും ചേര്‍ന്ന സഖ്യമായിരുന്നു. 72 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത ധോനി റണ്ണൗട്ടായതോടെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അവസാനിക്കുകയായിരുന്നു.

Content Highlights: MS Dhoni is still the best wicketkeeper and finisher MSK Prasad