തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോനി ടിട്വന്റി ടീമില്‍ നിന്ന് പുറത്തായ വാര്‍ത്ത ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി.

ധോനി ഇപ്പോഴും ഇന്ത്യന്‍ ടീമിലെ അവിഭാജ്യഘടകമാണെന്നു പറഞ്ഞ കോലി, ധോനി തന്നെ ടിട്വന്റിയില്‍ റിഷഭ് പന്തിനെ പോലുള്ള താരങ്ങള്‍ക്ക് വഴിമാറിക്കൊടുക്കുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. വിന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തിലെ വിജയത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോലി.

ടിട്വന്റിയില്‍ പന്തിനു കൂടുതല്‍ അവസരം നല്‍കണമെന്നത് ധോനിയുടെ തന്നെ അഭിപ്രായമാണെന്നും ഇതില്‍ മാധ്യമങ്ങള്‍ കൂടുതല്‍ വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കേണ്ടതില്ലെന്നും കോലി അഭിപ്രായപ്പെട്ടു.

ക്യാപ്റ്റന്‍ കോലിയുടെയും രോഹിത് ശര്‍മയുടെയും അറിവോടെയാണ് ധോനി ടീമിന് പുറത്തായതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യവും കോലി നിഷേധിച്ചു. ധോനിയെ മാറ്റിനിര്‍ത്തിയതിനെ കുറിച്ച് സെലക്ടര്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഇക്കാര്യം തീരുമാനിക്കും മുന്‍പ് അദ്ദേഹവുമായി ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകളില്‍ താന്‍ പങ്കാളിയായിരുന്നില്ലെന്നും കോലി ചൂണ്ടിക്കാട്ടി.

രണ്ടാം വിക്കറ്റ് കീപ്പറെ കണ്ടെത്താനാണ് ധോനിയെ മാറ്റിനിര്‍ത്തുന്നതെന്ന് നേരത്തെ മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ് വ്യക്തമാക്കിയിരുന്നു.

Content Highlights: ms dhoni is still an integral part of this team virat kohli