-
ലണ്ടൻ: ഐ.പി.എല്ലിൽ എം.എസ് ധോനിക്കു കീഴിൽ കളിക്കാൻ സാധിച്ചത് കരിയറിൽ ഏറെ സഹായിച്ചിട്ടുണ്ടെന്ന് ഇംഗ്ലണ്ട് താരം സാം ബില്ലിങ്സ്. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നിർണായക ഇന്നിങ്സിലൂടെ ടീമിനെ വിജയത്തിലെത്തിച്ചത് ബില്ലിങ്സായിരുന്നു. ഇതിനു പിന്നാലെ ക്രിക്ബസിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ധോനിയെ കുറിച്ച് വാചാലനായത്.
ധോനിക്കു കീഴിൽ കളിക്കാൻ സാധിച്ചത് പലതും പഠിക്കാൻ തന്നെ സഹായിച്ചിട്ടുണ്ടെന്നും പഠിച്ചെടുക്കാൻ ധോണിയെക്കാൾ മികച്ച മറ്റൊരാളില്ലെന്നും ബില്ലിങ്സ് പറഞ്ഞു. 2018, 2019 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിച്ച താരമാണ് ബില്ലിങ്സ്.
''സി.എസ്.കെയിലുണ്ടായിരുന്ന രണ്ടു വർഷം ഞാൻ നന്നായി ആസ്വദിച്ചിരുന്നു. അവിടത്തെ അന്തരീക്ഷവും സ്ഥിരതയാർന്ന വിജയങ്ങളും പകരംവെയ്ക്കാനാകാത്തതാണ്. ഒരുപക്ഷേ മുംബൈ ഇന്ത്യൻസായിരിക്കും അതുപോലെ സ്ഥിരതയുള്ള ടീം. ഐ.പി.എല്ലിലെ വിന്നേഴ്സ് മെഡൽ ലഭിച്ചത് ഞാൻ എന്നും ഓർക്കുന്ന കാര്യമാണ്.'' - ബില്ലിങ്സ് പറഞ്ഞു.
ധോനി ഒരു കടുത്ത മാഞ്ചെസ്റ്റർ യുണൈറ്റഡ് ആരാധകനാണെന്നും അദ്ദേഹവുമായി നല്ല ബന്ധമുണ്ടാക്കിയെടുക്കാൻ അത് സഹായിച്ചിട്ടുണ്ടെന്നും ബില്ലിങ്സ് ചൂണ്ടിക്കാട്ടി.
''അദ്ദേഹമൊരു കടുത്ത മാഞ്ചെസ്റ്റർ യുണൈറ്റഡ് ആരാധകനാണ്. അതിനാൽ തന്നെ യുണൈറ്റഡിന്റെ മത്സരങ്ങൾ ഉണ്ടാകുമ്പോഴെല്ലാം അദ്ദേഹത്തിന്റെ മുറിയിലെത്തി കളി കാണുമായിരുന്നു. കളി കാണുന്നതിനിടെ ക്രിക്കറ്റിനെക്കുറിച്ച് സംസാരിച്ച് അദ്ദേഹത്തിൽ നിന്ന് ഓരോന്ന് പഠിക്കാനും സാധിച്ചിരുന്നു.'' - ബില്ലിങ്സ് പറഞ്ഞു.
ടീം അംഗങ്ങളിലും പ്രത്യേകിച്ചു യുവതാരങ്ങളിലും ഏറെ വിശ്വാസമർപ്പിച്ചിരുന്ന താരമാണ് ധോനി. ഓരോ കളിക്കാരനോടും അദ്ദേഹം നല്ല രീതിയിലാണ് പെരുമാറിയിരുന്നതെന്നും ബില്ലിങ്സ് കൂട്ടിച്ചേർത്തു.
Content Highlights: MS Dhoni is a big Manchester United fan says Sam Billings
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..