Photo: twitter.com
കേപ്ടൗണ്‍: കഴിഞ്ഞ ദിവസം ഐസിസി വനിതാ ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റ് ഇന്ത്യ പുറത്തായിരുന്നു. ഒരിക്കല്‍ കൂടി ഒരു ഐസിസി ടൂര്‍ണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തില്‍ ഇന്ത്യയ്ക്ക് നിരാശ. ഓസ്ട്രേലിയ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ തുടക്കത്തില്‍ പതറിയെങ്കിലും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ജെമിമ റോഡ്രിഗ്‌സും ക്രീസില്‍ ഒന്നിച്ചതോടെ മത്സരത്തിലേക്ക് തിരികെയെത്തിയിരുന്നു. എന്നാല്‍ മത്സരത്തിന്റെ 15-ാം ഓവറില്‍ ഹര്‍മന്‍ നിര്‍ഭാഗ്യകരമായി റണ്ണൗട്ടായതോടെ ഇന്ത്യയുടെ വിജയസ്വപ്‌നം പൊലിയുകയായിരുന്നു.
ലോകകപ്പില്‍ റണ്ണൗട്ടിന്റെ രൂപത്തില്‍ ഇന്ത്യയ്ക്ക് വിജയം കൈവിട്ടുപോകുന്നത് ഇതാദ്യമായല്ല. ഹര്‍മന്റെ കഴിഞ്ഞ ദിവസത്തെ റണ്ണൗട്ട് ഇന്ത്യന്‍ ആരാധകരെ കൊണ്ടുപോയത് 2019-ലെ പുരുഷ ഏകദിന ലോകകപ്പിലെ എം.എസ് ധോനിയുടെ റണ്ണൗട്ട് ഓര്‍മകളിലേക്കാണ്. അന്ന് ന്യൂസീലന്‍ഡിനെതിരായ സെമിയില്‍ ഇന്ത്യയുടെ ജയസാധ്യത തച്ചുടച്ചുകളഞ്ഞത് മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ ആ ത്രോയായിരുന്നു. അന്ന് 49-ാം ഓവറിലായിരുന്നു ധോനിയുടെ റണ്ണൗട്ട്. ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ നിന്ന് മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എറിഞ്ഞ ഒരു ത്രോ ബാറ്റിങ് ക്രീസിലെ ബെയ്ല്‍സ് ഇളക്കുമ്പോള്‍ ക്രീസിലേയ്ക്ക് ധോനിയുടെ ബാറ്റിന് ഇഞ്ചുകളുടെ ദൂരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 49-ാം ഓവറിന്റെ മൂന്നാം പന്തില്‍ ധോനി റണ്ണൗട്ടായി മടങ്ങുന്നത് അവിശ്വസനീയതയോടെയാണ് ലോകം കണ്ടുനിന്നത്. അത്രയും നേരം തൊണ്ടപൊട്ടുമാറ് 'ധോനി, ധോനി' എന്ന് ആര്‍ത്തച്ചലച്ച സ്റ്റേഡിയം അതോടെ നിശബ്ദമായി. ഇന്ത്യന്‍ പ്രതീക്ഷയുടെ അവസാന വെട്ടവും അതോടെ അണഞ്ഞുപോയിരുന്നു. ഒമ്പത് പന്ത് ശേഷിക്കെ വിജയത്തിലേയ്ക്ക് ഇന്ത്യയ്ക്ക് 22 റണ്ണിന്റെ അകലമുണ്ടായിരുന്നു അപ്പോള്‍. ഇന്ത്യ ആ ഓവറില്‍ തന്നെ തോല്‍വി ഉറപ്പിച്ചു. ആറു പന്തുകള്‍ക്കുള്ളില്‍ അത് യാഥാര്‍ഥ്യമാവുകയും ചെയ്തു. ധോനിയുടെ ഈ റണ്ണൗട്ട് അങ്ങനെ ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമായി.
കഴിഞ്ഞ ദിവസം ഓസീസിനെതിരേ ജെമിമ പുറത്തായതിനു പിന്നാലെ റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ഹര്‍മന്‍പ്രീത് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയായിരുന്നു റണ്ണൗട്ട്. 15-ാം ഓവറില്‍ മിഡ് വിക്കറ്റിലേക്ക് ഹര്‍മന്‍പ്രീത് ഒരു സ്ലോഗ് സ്വീപ് കളിക്കുന്നു. അനായാസം രണ്ട് റണ്‍സിനുള്ള അവസരം. ആദ്യ റണ്‍ പൂര്‍ത്തിയാക്കിയ ശേഷം രണ്ടാം റണ്ണിനായുള്ള ഓട്ടം ഹര്‍മന്‍പ്രീത് പക്ഷേ ലാഘവത്തില്‍ എടുത്തപോലെ തോന്നി. പക്ഷേ നിര്‍ഭാഗ്യവശാല്‍ ബാറ്റ് പിച്ചില്‍ ക്രീസിനു മുന്നില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ഒട്ടും സമയം കളയാതെ ഹീലി ബെയ്ല്‍സ് ഇളക്കി. ഹര്‍മന്‍പ്രീത് പുറത്ത്. ചെറിയ ശ്രദ്ധക്കുറവില്‍ വിക്കറ്റ് നഷ്ടമായ നിരാശയും രോഷവും ബാറ്റ് വലിച്ചെറിഞ്ഞും പിന്നീട് നിലത്തടിച്ചുമാണ് ക്യാപ്റ്റന്‍ പ്രകടിപ്പിച്ചത്. 34 പന്തില്‍ 52 റണ്‍സെടുത്ത ശേഷമായിരുന്നു ഹര്‍മന്റെ പുറത്താകല്‍.
വെറും അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി എന്നറിയുമ്പോഴാണ് ഹര്‍മന്‍പ്രീതിന്റെ വിക്കറ്റ് എത്ര വലുതായിരുന്നുവെന്ന് മനസിലാകുക. 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതില്‍ തന്നെ ധോനിയും ഹര്‍മനും കളിച്ചത് ഒരേ ഏഴാം നമ്പര്‍ ജേഴ്‌സിയിലാണെന്നതും യാദൃശ്ചികതയായി.
Content Highlights: MS Dhoni in 2019 And Harmanpreet Kaur in 2023 heartbreaking dismissals
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..