പുണെ: ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായ ശേഷം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി പിന്നീടിതുവരെ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയിട്ടില്ല. ലോകകപ്പിനു പിന്നാലെ ധോനി വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നെങ്കിലും ഇക്കാര്യത്തിലും ധോനി ഇതുവരെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഇപ്പോഴിതാ ധോനിയുടെ കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീം കോച്ച് രവി ശാസ്ത്രി. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത്. ധോനി തന്നെയാണെന്ന് ശാസ്ത്രി പറഞ്ഞു. ലോകകപ്പ് സെമിയിലെ തോല്‍വിക്കു ശേഷം താന്‍ ധോനിയുമായി സംസാരിച്ചിട്ടില്ല. ലോകകപ്പിനു ശേഷം ധോനി കളി ആരംഭിച്ചിട്ടുണ്ടോ എന്ന കാര്യം അറിയില്ല. ആദ്യം ധോനി കളി പുനരാരംഭിക്കണം. കാര്യങ്ങള്‍ എങ്ങനെ പോകുന്നുവെന്ന് അപ്പോള്‍ നോക്കാം. ടീമിലെ തന്റെ ഭാവിയുടെ കാര്യം ധോനി സെലക്ടര്‍മാരെ അറിയിക്കണമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിനു ശേഷം നടന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ നിന്നും സ്വമേധയാ പിന്മാറിയ ധോനി രണ്ടു മാസത്തെ സൈനിക സേവനത്തിനു പോയിരുന്നു. സൈനികസേവനം കഴിഞ്ഞെങ്കിലും താരം വീണ്ടും ഇടവേള നീട്ടുകയായിരുന്നു.

Content Highlights: MS Dhoni has to decide Whether he wants to come back Ravi Shastri