മൊഹാലി: ഓസീസ് പരമ്പരയിലെ അവസാന രണ്ട് ഏകദിനങ്ങളില്‍ മുന്‍ നായകന്‍ എം.എസ് ധോനിക്ക് വിശ്രമം അനുവദിച്ചതിനെ വിമര്‍ശിച്ച് മുന്‍ താരം ബിഷന്‍ സിങ് ബേദി. 

ഇന്ത്യന്‍ ടീമിന്റെ പകുതി ക്യാപ്റ്റനാണ് ധോനിയെന്നു പറഞ്ഞ ബേദി, അദ്ദേഹത്തെ പുറത്തിരുത്തിയ സെലക്ടര്‍മാരുടെ നടപടിയെ രൂക്ഷമായാണ് വിമര്‍ശിച്ചത്. 

'ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആരുമല്ല. എങ്കിലും പറയട്ടെ, ധോനിക്ക് വിശ്രമം അനുവദിക്കാനുള്ള തീരുമാനം ശരിക്കും അത്ഭുതപ്പെടുത്തി. കഴിഞ്ഞ ദിവസം ധോനിയുടെ അഭാവം ശരിക്കും പ്രതിഫലിച്ചിരുന്നു. വിക്കറ്റിനു പിന്നിലും ഫീല്‍ഡിലും ബാറ്റിങ്ങിലും അത് പ്രതിഫലിച്ചിരുന്നു. ടീമിന്റെ പകുതി ക്യാപ്റ്റനാണ് അദ്ദേഹം'- ബേദി പറഞ്ഞു.

''ധോനി ചെറുപ്പക്കാരനല്ലെന്നുള്ള കാര്യം സമ്മതിക്കുന്നു. എന്നാല്‍ ടീമിന് അദ്ദേഹത്തെ ആവശ്യമുണ്ട്. ടീമിന് മേല്‍ വളരെ ശാന്തമായ സ്വാധീനമുള്ളയാളാണ് ധോനി. ക്യാപ്റ്റന്‍ കോലിക്കും അദ്ദേഹത്തെ ടീമില്‍ വേണം. തീരുമാനങ്ങളെടുക്കുമ്പോള്‍ ധോനിയില്ലാതെ കോലി പതറുന്നത് പലപ്പോഴും കാണാമായിരുന്നു. അതൊരു നല്ല ലക്ഷണമല്ല''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിനു മുന്‍പുള്ള ഇന്ത്യന്‍ ടീമിന്റെ പരീക്ഷണങ്ങളെയും ബേദി വിമര്‍ശിച്ചു. ലോകകപ്പിന് മുമ്പ് ഇന്ത്യ അനാവശ്യമായി പരീക്ഷണങ്ങള്‍ നടത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മാസം ആരംഭിക്കുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണെന്നും ബേദി ചൂണ്ടിക്കാട്ടി. ഐ.പി.എല്ലിനിടെ ഏതൊരു താരത്തിനും പരിക്ക് സംഭവിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Content Highlights: ms dhoni half a captain of indian team bishan singh bedi