Image Courtesy: Getty Images
ന്യൂഡല്‍ഹി: ടീം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില് ഒരാളായ എം.എസ് ധോനി ക്രിക്കറ്റിനോട് വിടപറയാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.
ധോനിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സ്പോര്‍ട്സ്കീഡയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വിരമിക്കലിനെ കുറിച്ച് ബി.സി.സി.ഐയോട് ധോനി ഔദ്യോഗികമായി സംസാരിച്ചിട്ടില്ലെങ്കിലും തീരുമാനം അദ്ദേഹം കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോട് പങ്കുവച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2019-ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ടീം പുറത്തായതിനുശേഷം ധോനി ഇന്ത്യന്‍ ജേഴ്സിയില്‍ കളിച്ചിട്ടില്ല. അനിശ്ചിതകാലമായി ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കുകയാണ് അദ്ദേഹം.
അതേസമയം ഐ.പി.എല്‍ 2020 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനു വേണ്ടി കളത്തിലേക്ക് മടങ്ങിയെത്താന്‍ അദ്ദേഹം തയ്യാറെടുത്തുവരികയായിരുന്നു. ടീമിനൊപ്പം പരിശീലനത്തിനായി താരം ചെന്നൈയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡ്-19 ആശങ്കയെ തുടര്‍ന്ന് ഐ.പി.എല്‍ മാറ്റിവെച്ചതോടെ കാര്യങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തിലായി. മാര്‍ച്ച് 29 ഞായറാഴ്ച തുടങ്ങേണ്ടിയിരുന്ന ഐ.പി.എല്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 15-ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടക്കുമെന്നു തന്നെ ഉറപ്പില്ല. ഇതിനെ തുടർന്ന് ധോനി ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
ഐ.പി.എല്ലില്‍ മികവ് തെളിയിച്ചാല്‍ ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ധോനിക്ക് അവസരം ലഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടൂര്‍ണമെന്റ് തന്നെ അനിശ്ചിതത്വത്തിലായതോടെ ഈ സാധ്യതയും ഇല്ലാതായി.
വിരമിക്കാന്‍ ധോനി മാനസികമായി തയ്യാറായിക്കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഒന്നോ രണ്ടോ ഐ.പി.എല്‍ സീസണില്‍ കൂടി ധോനി കളിച്ചേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഐ.പി.എല്ലിനു വേണ്ടിയാണ് ധോനി കാത്തിരുന്നതെന്നും ഇല്ലായിരുന്നെങ്കില്‍ നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുമായിരുന്നെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ധോനിക്കുശേഷം വിക്കറ്റിനു പിന്നില്‍ അവസരം ലഭിച്ച രണ്ട് താരങ്ങള്‍ ഇപ്പോള്‍ ടീമിലുണ്ട്. ഋഷഭ് പന്തും കെ.എല്‍ രാഹുലും. ഇതില്‍ പന്തിന് ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും രാഹുല്‍ വിശ്വസ്തനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി വളര്‍ന്നു കഴിഞ്ഞു. ഇതും ടീമിലേക്ക് മടങ്ങിയെത്തുകയെന്ന ധോനിയുടെ സാധ്യതകളെ ഇല്ലാതാക്കുന്ന കാര്യമാണ്.
Content Highlights: MS Dhoni Former India captain set for international retirement reports
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..