Photo Courtesy: Getty Images
മുംബൈ: 2019 പൊതുവെ ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങളുടെ വര്‍ഷമായിരുന്നെങ്കിലും ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വി ഇപ്പോഴും ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ തീരാത്ത ഒരു മുറിവായി നിലകൊള്ളുകയാണ്. സെമിയില്‍ കിവീസിനോട് 18 റണ്‍സിന് തോറ്റ് ഇന്ത്യ പുറത്താകുകയായിരുന്നു.
ആറിന് 92 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജ - എം.എസ് ധോനി സഖ്യം പ്രതീക്ഷ നല്‍കിയെങ്കിലും 49-ാം ഓവറിലെ മൂന്നാം പന്തില്‍ ധോനി റണ്ണൗട്ടായതോടെ ഇന്ത്യ അനിവാര്യമായ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
അന്നത്തെ ആ മത്സരത്തിനു ശേഷം ധോനി പിന്നീട് ഇതുവരെ ഇന്ത്യന്‍ ജേഴ്സിയില്‍ കളിച്ചിട്ടില്ല. അന്നത്തെ ആ റണ്ണൗട്ടിനെ കുറിച്ച് പ്രതികരിച്ചുമില്ല. ഇപ്പോഴിതാ ആ റണ്ണൗട്ടിനെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ധോനി. ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ധോനിയുടെ പ്രതികരണം.

''എന്റെ ആദ്യ മത്സരത്തിലും ഞാന്‍ റണ്ണൗട്ടാകുകയായിരുന്നു. ഈ മത്സരത്തില്‍ വീണ്ടും ഞാന്‍ റണ്ണൗട്ടായി. ഞാനെന്നോടുതന്നെ ചോദിക്കാറുണ്ട്, എന്തുകൊണ്ട് ഞാനന്ന് ഡൈവ് ചെയ്തില്ലെന്ന്. ആ രണ്ട് ഇഞ്ച്, ഞാന്‍ ഇപ്പോഴും എന്നോട് പറയാറുണ്ട്, ഞാനന്ന് ഡൈവ് ചെയ്യേണ്ടിയിരുന്നു'', ധോനി പറഞ്ഞു.
വിക്കറ്റിനിടയിലെ ഓട്ടത്തില്‍ ധോനിയെ വെല്ലാന്‍ അധികം താരങ്ങളില്ല. മുന്‍നിര തകര്‍ന്നടിയുമ്പോള്‍ രക്ഷകനായി അവതരിക്കാറുള്ളയാളാണ് ധോനി. ഒരിക്കല്‍ക്കൂടി 130 കോടി വരുന്ന ജനത ആ മാജിക്ക് എം.എസ് ധോനിയെന്ന അതിമാനുഷികനില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു. പന്തുകളും ജയത്തിലേക്കുള്ള റണ്ണുകളും തമ്മിലുള്ള വ്യത്യാസം എത്ര വലുതുമാകട്ടെ, അയാള്‍ക്ക് എന്തും സാധ്യമാണെന്ന വിശ്വാസം കോടിക്കണക്കിന് വരുന്ന ജനഹൃദയങ്ങളില്‍ ഉറച്ചുപോയിരുന്നു.
എന്നാല്‍ 49-ാം ഓവറിലെ മൂന്നാം പന്തില്‍ മാര്ട്ടിന് ഗുപ്റ്റിലിന്റെ ത്രോ ബാറ്റിങ് ക്രീസിലെ വിക്കറ്റ് തെറിപ്പിച്ചപ്പോള്‍ ധോനിയുടെ ബാറ്റിന്റെ അറ്റവും ക്രീസും തമ്മില്‍ രണ്ട് ഇഞ്ചിന്റെ ദൂരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ ആരാധകരുടെ ഹൃദയം ഒരുപക്ഷേ അപ്പോള്‍ നിലച്ചുപോയിരുന്നിരിക്കണം.

മുന്‍നിര തകര്‍ന്ന് നാണംകെട്ട തോല്‍വി മുന്നില്‍ക്കണ്ട അവസ്ഥയില്‍ നിന്നാണ് ധോനിയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്സിന് പുതുജീവന്‍ നല്‍കിയത്. ഇരുവരും ചേര്‍ന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ട് 116 റണ്‍സാണ് ഇന്ത്യന്‍ സ്കോറിലേക്ക് ചേര്‍ത്തത്. 59 പന്തില്‍ നിന്ന് 77 റണ്‍സെടുത്ത ജഡേജ പുറത്തായിട്ടും ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷ കൈവെടിയാതിരുന്നത് ധോനിയെന്ന മഹാമേരു ക്രീസിലുണ്ടായിരുന്നു എന്ന ഒറ്റ കാരണത്താലായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ധോനിയെ വെല്ലുന്ന മറ്റൊരു താരവും ലോകക്രിക്കറ്റിലില്ല. ജഡേജ പുറത്തായിട്ടും കിവീസ് ശ്വാസം വിടാതിരുന്നതും അക്കാരണത്താല്‍ തന്നെ. പക്ഷേ രണ്ടാം റണ്ണിനായുള്ള അദ്ദേഹത്തിന്റെ ദാഹം ഒരു നിമിഷം പിഴച്ചു. ലോക ക്രിക്കറ്റിലെ ഏറ്റവും വേഗതയുള്ള കാലുകള്‍ ഒരു നിമിഷം നിസ്സഹായമായി.
Content Highlights: MS Dhoni finally breaks his silence on run-out in World Cup 2019 semi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..