ന്യൂഡല്‍ഹി: ശനിയാഴ്ച അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ വിടവാങ്ങല്‍ മത്സരത്തെ കുറിച്ചുള്ള പ്രവചനവുമായി മുന്‍ താരം വി.വി.എസ് ലക്ഷ്മണ്‍.
ഐ.പി.എല്‍ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാകും ധോനി വിടവാങ്ങല്‍ മത്സരം കളിക്കുകയെന്നാണ് ലക്ഷ്മണിന്റെ പ്രവചനം. സി.എസ്.കെയ്ക്ക് വേണ്ടിയാകും ധോനി തന്റെ അവസാന മത്സരം കളിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് 15-ന് ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനത്തിലാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ധോനി അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. 15 വര്‍ഷത്തിലേറെ നീണ്ട രാജ്യാന്തര കരിയറിനാണ് ഇതോടെ അദ്ദേഹം അവസാനം കുറിച്ചത്.
അതേസമയം ഐ.പി.എല്ലില്‍ സൂപ്പര്‍ കിങ്‌സിനായി കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ധോനിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എ.ഇയില്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഇത്തവണത്തെ ഐ.പി.എല്‍ ടൂര്‍ണമെന്റ്.
''സി.എസ്.കെയോട് അദ്ദേഹത്തിന് (ധോനി) പ്രത്യേക അഭിനിവേശമുണ്ടെന്ന കാര്യം നാമെല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. സി.എസ്.കെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസി ആകാന്‍ ഒരു കാരണം എം.എസ് ധോണിയുടെ നേതൃത്വമാണ്. അതിനാല്‍ തന്നെ അദ്ദേഹം അവിടെ ചെന്ന് ട്രോഫി നേടാന്‍ സാധ്യമായതെല്ലാം ചെയ്യും. സി.എസ്.കെയ്ക്ക് വേണ്ടിയായിരിക്കും ധോനി അവസാന മത്സരം കളിക്കുക. വാങ്കഡെയില്‍ സച്ചിന്‍ കളിച്ച വിടവാങ്ങല്‍ മത്സരം പോലെയായിരിക്കും ചെന്നൈയില്‍ ധോനിയുടെ വിടവാങ്ങല്‍ മത്സരം.'' - ലക്ഷ്മണ്‍ പറഞ്ഞു.
Content Highlights: MS Dhoni farewell match will be at Chepauk says VVS Laxman