ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-അഫ്ഗാനിസ്താൻ മത്സരം ഏറെ ആവേശം നിറഞ്ഞതായിരുന്നു. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരം ഒടുവില്‍ സമനിലയില്‍ (ടൈ) കലാശിക്കുകയും ചെയ്തു.

വിജയിക്കാനായില്ലെങ്കിലും ഇന്നലത്തെ മത്സരം എം.എസ് ധോനിയെ സംബന്ധിച്ച് ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. കഴിഞ്ഞ വര്‍ഷം നായകസ്ഥാനം കോലിക്ക് കൈമാറിയ ശേഷം ധോനി വീണ്ടും നായകന്റെ കുപ്പായമണിഞ്ഞത് ഇന്നലെയായിരുന്നു. 696 ദിവസങ്ങള്ക്കു ശേഷമായിരുന്നു നായകനായുള്ള ധോനിയുടെ മടങ്ങിവരവ്. നായകനായുള്ള ധോനിയുടെ 200-ാം മത്സരവുമായിരുന്നു അഫ്ഗാനിസ്താനെതിരേ നടന്നത്.

എന്നാല്‍ ഇക്കാര്യം കൊണ്ടൊന്നുമല്ല ധോനി മത്സരത്തില്‍ ശ്രദ്ധ നേടിയത്. മറിച്ച് തന്റെ തനത് വീക്കറ്റ് കീപ്പിങ് രീതികൊണ്ടു തന്നെയാണ്. അഫ്ഗാന്റെ രണ്ടു വിക്കറ്റുകളാണ് ധോനിയുടെ മിന്നല്‍ സ്റ്റംപിങ് കാരണം ഇന്ത്യയ്ക്ക് വീഴ്ത്താനായത്.

അഫ്ഗാനെതിരായ മത്സരത്തില്‍ രണ്ടു സ്റ്റംപിങ്ങുകളാണ് ധോനി നടത്തിയത്. വിക്കറ്റിനു പിന്നില്‍ ധോനിയുടെ വേഗം എടുത്തുകാട്ടുന്നവയായിരുന്നു അവ രണ്ടും. 

ഓപ്പണര്‍ ജാവേദ് അഹ്മദിയാണ് ആദ്യം ധോനിയുടെ ഇരയായത്. രവീന്ദ്ര ജഡേജയുടെ പന്ത് ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തില്‍ അഹ്മദിയുടെ ബാലന്‍സ് തെറ്റി. പന്ത് നേരെ ധോനിയുടെ കൈകളില്‍. അഹ്മദിക്കൊന്ന് തലതിരിക്കാന്‍ സാധിക്കും മുന്‍പേ ധോനി ബെയ്ല്‍സ് ഇളക്കിയിരുന്നു. വെറും 0.2 സെക്കന്‍ഡിലാണ് ഈ വിക്കറ്റിനായി ധോനിയുടെ പ്രതികരണമുണ്ടായത്.

നാലാമനായി ഇറങ്ങിയ ഹഷ്മത്തുള്ള ഷാഹിദിയാണ് ധോനിയുടെ മിന്നല്‍ സ്റ്റംപിങ്ങിന് അടുത്ത ഇരയായത്. കുല്‍ദീപ് യാദവിന്റെ ഫ്‌ളൈറ്റ് ചെയ്തുവന്ന പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച ഷാഹിദി ക്രീസ് വിട്ട് പുറത്തേക്ക്, ഒന്ന് തിരിയാന്‍ പോലും സമയം കിട്ടും മുന്‍പ് ധോനി ബെയ്ല്‍സ് ഇളക്കിയിരുന്നു. വെറും 0.12 സെക്കന്‍ഡുകള്‍ക്കുളളിലായിരുന്നു ധോനിയുടെ പ്രതികരണം.

ഇതാദ്യമായല്ല ധോനിയുടെ മിന്നല്‍ സ്റ്റംപിങ് ഇത്തരത്തില്‍ ശ്രദ്ധനേടുന്നത്. നേരത്തെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലും ധോനിയുടെ വിക്കറ്റിനു പിന്നിലെ വേഗം ശ്രദ്ധനേടിയിരുന്നു.

Content Highlights: ms dhoni does two blistering stumpings vs afghanistan